
വാഷിംഗ്ടൺ: കടുത്ത ഊർജ്ജ പ്രതിസന്ധി നേരിടുന്ന ക്യൂബയിലേക്ക് റഷ്യൻ എണ്ണക്കപ്പൽ അടുക്കാൻ അനുവദിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സൂചിപ്പിച്ചു. ക്യൂബയ്ക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഇന്ധന ഉപരോധത്തിൽ നിന്നുള്ള താൽക്കാലിക പിന്മാറ്റമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
ഏകദേശം 7,30,000 ബാരൽ എണ്ണയുമായി ‘അനറ്റോളി കൊളോഡ്കിൻ’ എന്ന റഷ്യൻ ടാങ്കർ ക്യൂബൻ തീരത്തിന് അടുത്തെത്തിയതായാണ് വിവരം. ക്യൂബയിലെ ഹോൾഗ്വിൻ പ്രവിശ്യയ്ക്ക് സമീപമുള്ള കപ്പൽ ചൊവ്വാഴ്ചയോടെ മാറ്റാൻസാസ് തുറമുഖത്ത് എത്തിയേക്കും.
“അവിടെ ഒരു ടാങ്കർ ഉണ്ടെന്ന് ഞങ്ങൾക്കറിയാം. അവർക്ക് അതിജീവിക്കേണ്ടതുണ്ട്, അതിനാൽ ഒരു കപ്പൽ എണ്ണ അവിടെ എത്തുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല,” എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. റഷ്യയോ മറ്റേതെങ്കിലും രാജ്യമോ ക്യൂബയ്ക്ക് എണ്ണ നൽകുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും ജനങ്ങൾക്ക് വെളിച്ചവും ചൂടും തണുപ്പും ലഭിക്കാൻ ഇത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ വെനിസ്വേലയിൽ നിന്നായിരുന്നു ക്യൂബയ്ക്ക് പ്രധാനമായും എണ്ണ ലഭിച്ചിരുന്നത്. എന്നാൽ വെനിസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ അമേരിക്ക പിടികൂടിയതോടെ ഈ വിതരണം നിലച്ചു. മെക്സിക്കോ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് എണ്ണ എത്തിക്കാൻ ശ്രമിച്ചെങ്കിലും, അമേരിക്കൻ ഉപരോധ ഭീഷണി മൂലം അവരും പിന്മാറുകയായിരുന്നു.
ഇന്ധനക്ഷാമം മൂലം ക്യൂബയിൽ ജനജീവിതം ദുസ്സഹമാണ്. മണിക്കൂറുകൾ നീളുന്ന പവർകട്ടുകൾ, കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ, ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടൽ എന്നിവ ക്യൂബയെ തളർത്തിയിരിക്കുകയാണ്. പലയിടങ്ങളിലും ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. റഷ്യൻ കപ്പലിന് അനുമതി നൽകുന്നത് വ്ളാദിമിർ പുടിനെ സഹായിക്കലല്ലേ എന്ന ചോദ്യത്തിന്, “ഇതുകൊണ്ട് പുടിന് ഒരു കപ്പൽ എണ്ണ നഷ്ടപ്പെടുക മാത്രമേ ഉള്ളൂ, അതിൽ തനിക്ക് ആശങ്കയില്ല” എന്നായിരുന്നു ട്രംപിൻ്റെ മറുപടി.
Relief for Cuba struggling with energy crisis: Trump approves Russian tanker















