ആശങ്കാജനകമായ സാഹചര്യം; ഇറാനിൽ 24 മണിക്കൂറിനുള്ളിൽ യുഎസ് ആക്രമണം ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറാനിൽ യുഎസ് ആക്രമണം ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങൾ പരന്നതോടെ അന്താരാഷ്ട്ര തലത്തിൽ ആശങ്ക വർധിച്ചു. പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങളും യുഎസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചില പ്രസ്താവനകളുമാണ് ഇത്തരമൊരു സൂചന നൽകുന്നത്.

ഇറാനിൽ സൈനിക നടപടിക്കു ട്രംപ് ഉറപ്പിച്ചെന്നും എങ്ങനെ, എപ്പോൾ എന്നുമാത്രം തീരുമാനിച്ചാൽ മതിയെന്നും ഇസ്രയേൽ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മിഡിൽ ഈസ്റ്റിലെ പ്രധാന താവളങ്ങളിൽ നിന്ന് യുഎസ് തങ്ങളുടെ ചില ഉദ്യോഗസ്ഥരെ പിൻവലിക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ, ഇറാനിൽ സൈനിക ഇടപെടൽ ആസന്നമാണെന്ന് യൂറോപ്യൻ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. യുഎസ് സൈനിക ഇടപെടൽ സാധ്യതയുണ്ടെന്ന് രണ്ട് യൂറോപ്യൻ ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് പറഞ്ഞു, അടുത്ത 24 മണിക്കൂറിനുള്ളിൽ അത് സംഭവിക്കുമെന്നാണ് ഇവരിൽ ഒരാൾ പറഞ്ഞത്.

ഇറാന്റെ ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ ഇറാനിലെ ലക്ഷ്യങ്ങൾക്കായി പെന്റഗൺ ട്രംപിന് നിരവധി ഓപ്ഷനുകൾ അവതരിപ്പിച്ചിട്ടുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. സൈബർ ആക്രമണം അല്ലെങ്കിൽ ഇറാന്റെ ആഭ്യന്തര സുരക്ഷാ സംവിധാനത്തിനെതിരെ ആക്രമണം പോലുള്ള മറ്റ് ഓപ്ഷനുകൾക്കാണ് കൂടുതൽ സാധ്യതയെന്നും റിപ്പോർട്ടിലുണ്ട്.

പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്യുന്നതു തുടർന്നാൽ സൈനിക നടപടി ഉണ്ടാകുമെന്നു പലവട്ടം ട്രംപ് ഇറാന് താക്കീതു നൽകിയിരുന്നു. എന്നാൽ, ഏത് തരത്തിലുള്ള ആക്രമണത്തെയും പ്രതിരോധിക്കുമെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഈ മേഖലയിലുള്ള വിദേശ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ഇറാനിലെ നിലവിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ സ്ഥിതി, യഥാർഥ മരണസംഖ്യ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ ട്രംപ് സുരക്ഷാ കാബിനറ്റിനെ ചുമതലപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്. അനുനയവുമായി ഖത്തർ രംഗത്തുണ്ടെങ്കിലും യുഎസ്–ഇറാൻ നയതന്ത്രതല ചർച്ചകൾ നിർത്തിവച്ചത് സംഘർഷഭീതി വർധിപ്പിക്കുന്നു. ഇപ്പോൾ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.

Report says US attack on Iran could happen within 24 hours.

More Stories from this section

family-dental
witywide