‘എല്ലാ ഇന്ത്യക്കാരെയും നാടുകടത്താൻ ഇതിലും വലിയ കാരണം വേണോ’: ടെക്സസിലെ തോൽവിക്ക് പിന്നിൽ ‘ഇന്ത്യൻ വോട്ടിംഗ് ബ്ലോക്ക്’ ആണെന്ന് റിപ്പബ്ലിക്കൻ നേതാവ്

വാഷിംഗ്ടൺ: ടെക്സസിലെ സെനറ്റ് ഡിസ്ട്രിക്റ്റ് 9-ൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി പരാജയപ്പെട്ടത് ഒരു ‘ഇന്ത്യൻ വോട്ടിംഗ് ബ്ലോക്ക്’ കാരണമാണെന്നും, ടെക്സസിലെ ഓരോ ഇന്ത്യക്കാരനെയും നാടുകടത്താൻ അത് മതിയായ കാരണമാണെന്നും ഫ്ലോറിഡയിലെ റിപ്പബ്ലിക്കൻ നേതാവ് ചാൻഡലർ ലാംഗെവിൻ. വിജയിച്ച ഡെമോക്രാറ്റ് സ്ഥാനാർത്ഥി ടെയ്‌ലർ റഹ്മത്ത് ഒരു ഇന്ത്യൻ വംശജനാണെന്ന് ‘റഹ്മത്ത്’ എന്ന പേര് കണ്ട് പല റിപ്പബ്ലിക്കൻ അനുഭാവികളും തെറ്റിദ്ധരിച്ചു. ഇതാണ് ഇദ്ദേഹത്തെ വോട്ട് ചെയ്ത് ജയിപ്പിക്കാൻ ഇവിടുത്തെ ഇന്ത്യൻ വംശജരെ പ്രേരിപ്പിച്ചതെന്നാണ് പ്രധാന ആരോപണം. എന്നാൽ അദ്ദേഹം ഒരു ഇന്ത്യൻ വംശജനോ മുസ്ലിമോ അല്ല എന്നതാണ് യാഥാർത്ഥ്യം.

ഇന്ത്യക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും എതിരെ വര്‍ദ്ധിച്ചുവരുന്ന വിദ്വേഷം കാരണമാണ് ടെക്‌സസിലെ സെനറ്റ് ഡിസ്ട്രിക്റ്റ് 9 തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരാജയപ്പെട്ടതെന്ന് നിരവധി ഇന്ത്യന്‍-അമേരിക്കക്കാര്‍ അവകാശപ്പെട്ടു. ഇതിനു പിന്നാലെയാണ്, ടെക്‌സസിലെ ഓരോ ഇന്ത്യക്കാരനെയും നാടുകടത്താന്‍ ഇത് മതിയായ കാരണമാണെന്ന് ഫ്‌ലോറിഡയിലെ റിപ്പബ്ലിക്കന്‍ നേതാവ് ചാന്‍ഡലര്‍ ലാംഗെവിന്‍ പ്രസ്താവിച്ചത്. ‘ഒരു ഇന്ത്യന്‍ വോട്ടിംഗ് ബ്ലോക്ക് കാരണം റിപ്പബ്ലിക്കന്‍മാര്‍ക്ക് ഒരു പ്രത്യേക തിരഞ്ഞെടുപ്പില്‍ തോല്‍വി സംഭവിച്ചുവെങ്കില്‍… ടെക്‌സസിലെ ഓരോ ഇന്ത്യക്കാരനെയും നാടുകടത്താന്‍ അവര്‍ക്ക് ഇതിലും വലിയ കാരണം വേറെ വേണ്ട,’ ലാംഗെവിന്‍ പറഞ്ഞതിങ്ങനെ.

ടെക്‌സസിലെ വര്‍ദ്ധിച്ചുവരുന്ന ഇന്ത്യ വിരുദ്ധ വികാരം

കഴിഞ്ഞ കുറച്ച് ആഴ്ചകളായി, രാഷ്ട്രീയക്കാരും അമേരിക്കന്‍ ഇന്‍ഫ്‌ലുവന്‍സര്‍മാരും സോഷ്യല്‍ മീഡിയ കമന്റേറ്റര്‍മാരും പ്രചരിപ്പിക്കുന്ന ഇന്ത്യ വിരുദ്ധ വിദ്വേഷത്തിൻ്റെ കേന്ദ്രമായി വടക്കന്‍ ടെക്‌സസ് മാറിയിരിക്കുകയാണ്. ഇന്ത്യക്കാരുടെ ‘അധിനിവേശം’ കാരണം ടെക്‌സസിൻ്റെ സാംസ്‌കാരികത മാറിയെന്ന് ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ ആരോപിക്കുന്നു. ടെക്‌സസിലെ ജോലികള്‍ ഇന്ത്യക്കാര്‍ തട്ടിയെടുക്കുന്നുവെന്ന സോഷ്യല്‍ മീഡിയ പ്രചരണത്തെത്തുടര്‍ന്ന്, സര്‍ക്കാര്‍ ഏജന്‍സികളിലും സര്‍വ്വകലാശാലകളിലും എച്ച്1ബി വിസയിലുള്ള നിയമനങ്ങള്‍ മരവിപ്പിക്കാന്‍ ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ഉത്തരവിട്ടു. മാത്രമല്ല, മുന്‍പ് എച്ച്1ബി ജീവനക്കാരെ നിയമിച്ച മൂന്ന് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച ടെക്‌സസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്സ്റ്റണ്‍, ജീവനക്കാരുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. നിരവധി ഇന്ത്യക്കാരും ഇന്ത്യന്‍ ജ്വല്ലറികളും ഉള്‍പ്പെട്ട വലിയൊരു സ്വര്‍ണ്ണ തട്ടിപ്പ് കേസും ടെക്‌സസില്‍ അടുത്തിടെ പിടിക്കപ്പെട്ടിട്ടുണ്ട്.

പ്രാദേശിക തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വി ‘മാഗ’ (മെയ്കക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) അനുയായികളെ പ്രകോപിപ്പിച്ചു. വിജയിച്ച ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ടെയ്ലര്‍ റഹ്‌മത്തിൻ്റെ പേര് കണ്ട് അദ്ദേഹം ഒരു ഇന്ത്യക്കാരനാണെന്ന തെറ്റിദ്ധാരണ വേഗത്തിൽ പടർന്നു. കൗണ്ടിയിലെ ഇന്ത്യന്‍-അമേരിക്കന്‍ വോട്ടര്‍മാരാണ് പരാജയത്തിന് കാരണമെന്ന് പലരും ആരോപിച്ചെങ്കിലും, കണക്കുകള്‍ പ്രകാരം അവിടെയുള്ള ഇന്ത്യന്‍ വോട്ടര്‍മാരുടെ എണ്ണം ഇത്ര വലിയൊരു മാറ്റമുണ്ടാക്കാന്‍ പര്യാപ്തമല്ല എന്നതാണ് യാഥാർത്ഥ്യം.

അതേസമയം, ഈ തോല്‍വിയില്‍ നിന്ന് താന്‍ അകലം പാലിക്കുകയാണെന്ന് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. താന്‍ പിന്തുണച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലെയ് വാംബ്‌സ്ഗാന്‍സ് പരാജയപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ‘അതൊരു പ്രാദേശിക തിരഞ്ഞെടുപ്പാണ്, അതില്‍ എനിക്ക് പങ്കില്ല’ എന്നായിരുന്നു ട്രംപിന്റെ മറുപടി.


ഇന്ത്യക്കാരെ മാറ്റി നിർത്തുന്ന നിലപാട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഗുണകരമല്ലെന്ന് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ പ്രതികരിച്ചു. ‘തെരുവുകളില്‍ ഐസ് ഏജന്റുമാര്‍ വെടിയുതിര്‍ക്കുന്നതും, ഇന്ത്യന്‍-അമേരിക്കക്കാര്‍ക്കെതിരെ വംശീയ ആക്രമണങ്ങള്‍ നടത്തുന്നതും, ഹിന്ദു ക്ഷേത്രങ്ങള്‍ അടച്ചുപൂട്ടാന്‍ രാഷ്ട്രീയക്കാര്‍ ആഹ്വാനം ചെയ്യുന്നതും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഗുണകരമായ തന്ത്രങ്ങളല്ല.’ – ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുഹാഗ് ശുക്ല പറയുന്നതിങ്ങനെ.

ഇന്ത്യന്‍-അമേരിക്കന്‍ അഡ്വക്കസി കൗണ്‍സിലും ലാംഗെവിൻ്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. ആ കൗണ്ടിയിലെ ജനസംഖ്യയുടെ വെറും 2 ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ത്യന്‍-അമേരിക്കക്കാര്‍ ഉള്ളതെന്നും, അതിനാല്‍ വോട്ടിംഗ് ബ്ലോക്ക് കാരണമാണ് തോറ്റതെന്ന വാദം തെറ്റാണെന്നും അവര്‍ പറഞ്ഞു.
‘തങ്ങളുടെ കമ്മ്യൂണിറ്റികളില്‍ വംശീയതയും വിദേശികളോടുള്ള വിദ്വേഷവും മോശം രാഷ്ട്രീയവും വേണ്ടെന്ന് ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് മാന്യരായ അമേരിക്കക്കാരുള്ളതിനാലാണ് അവര്‍ തോറ്റത്. അതാണ് സത്യം. അത്തരം അമേരിക്കക്കാരെ ഞങ്ങള്‍ സ്‌നേഹിക്കുന്നു, അവര്‍ ഞങ്ങളുടെ ടീമിലാണ്,’ കൗണ്‍സില്‍ മറുപടി നല്‍കി.

Republican leader says ‘Indian voting bloc’ behind Texas defeat

More Stories from this section

family-dental
witywide