
കാലിഫോർണിയ: വരാനിരിക്കുന്ന മിഡ്‌ടേം തിരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തുന്നതിനായി മുൻപില്ലാത്ത വിധം ഒരു ‘മിഡ്‌ടേം കൺവെൻഷൻ’ നടത്താനൊരുങ്ങി റിപ്പബ്ലിക്കൻ പാർട്ടി. കാലിഫോർണിയയിലെ സാന്താ ബാർബറയിൽ നടന്ന യോഗത്തിൽ, റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി ഇതിനാവശ്യമായ ബൈലോ ഭേദഗതികൾ പാസാക്കി. സാധാരണയായി നാല് വർഷത്തിലൊരിക്കൽ പ്രസിഡന്റ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ മാത്രം നടത്തുന്ന കൺവെൻഷൻ, ഇത്തവണ ഇടക്കാലത്ത് നടത്തുന്നത് ട്രംപിന്റെ ജനപ്രീതി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
ഈ കൺവെൻഷനെ ആർഎൻസി ചെയർമാൻ ജോ ഗ്രൂട്ടേഴ്സ് ‘ട്രംപ്-പാലൂസ’ എന്നാണ് വിശേഷിപ്പിച്ചത്. ട്രംപിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാനുള്ള വേദിയായി ഇത് മാറും.
അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ സാധാരണയായി മിഡ്‌ടേം തിരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിക്ക് സീറ്റുകൾ നഷ്ടപ്പെടാറാണ് പതിവ്. എന്നാൽ ഇത്തവണ അത് സംഭവിക്കില്ലെന്നും ചരിത്രം വഴിമാറുമെന്നും ഗ്രൂട്ടേഴ്സ് അവകാശപ്പെട്ടു.
79-കാരനായ ട്രംപിന്റെ ജനപ്രീതിയിൽ നേരിയ കുറവുണ്ടായതായി പോളിംഗ് സർവേകൾ സൂചിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സെനറ്റിലും ഹൗസിലും ഭൂരിപക്ഷം നിലനിർത്തുക എന്നത് റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ വെല്ലുവിളിയാണ്. അമേരിക്കൻ കോൺഗ്രസിന്റെ ഇരുസഭകളിലും നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം. നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇത് നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ ട്രംപ് ഭരണകൂടത്തിന് നിയമനിർമ്മാണങ്ങൾ നടത്തുന്നത് പ്രയാസകരമാകും.












