
സാൻ ഹോസെ: കോസ്റ്റാറിക്കയുടെ പുതിയ പ്രസിഡന്‍റായി വലതുപക്ഷ പോപ്പുലിസ്റ്റ് നേതാവായ ലോറ ഫെർണാണ്ടസ് തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച നടന്ന വോട്ടെടുപ്പിന്‍റെ ആദ്യ റൗണ്ടിൽ തന്നെ ഏകദേശം 49 ശതമാനം വോട്ടുകൾ നേടിയാണ് 39-കാരിയായ ലോറ വിജയം ഉറപ്പിച്ചത്. കോസ്റ്റാറിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ പ്രസിഡന്റാണ് ഇവർ. കോസ്റ്റാറിക്കൻ നിയമപ്രകാരം 40 ശതമാനത്തിലധികം വോട്ട് നേടിയാൽ രണ്ടാം റൗണ്ട് വോട്ടെടുപ്പ് ഒഴിവാക്കാം. 48.94% വോട്ട് നേടിയ ലോറയ്ക്ക് ഇത് എളുപ്പമായി.
ടൂറിസത്തിന് പേരുകേട്ട ശാന്തമായ രാജ്യമായിരുന്ന കോസ്റ്റാറിക്കയിൽ അടുത്ത കാലത്തുണ്ടായ കൊലപാതകങ്ങളുടെയും മയക്കുമരുന്ന് മാഫിയയുടെയും വളർച്ച വോട്ടർമാരെ ആശങ്കയിലാക്കിയിരുന്നു. ക്രിമിനലുകളെ കർശനമായി നേരിടുമെന്ന ലോറയുടെ വാഗ്ദാനം ജനങ്ങൾ ഏറ്റെടുത്തു. നിലവിലെ പ്രസിഡന്റ് റോഡ്രിഗോ ചാവെസിന്റെ വിശ്വസ്തയും മുൻ മന്ത്രിയുമാണ് ലോറ.
ചാവെസിന്റെ നയങ്ങൾ അതേപടി തുടരുമെന്ന് അവർ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലും ലോറയുടെ പാർട്ടിയായ സോവറിൻ പീപ്പിൾസ് പാർട്ടി വലിയ മുന്നേറ്റം നടത്തി. 57 അംഗ സഭയിൽ 31 സീറ്റുകൾ നേടി ഭൂരിപക്ഷം ഉറപ്പിച്ചതോടെ, കടുത്ത നിയമങ്ങൾ പാസാക്കാൻ അവർക്ക് എളുപ്പമാകും.















