
ബെംഗളൂരു : കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ (ചെറിയാങ്കണ്ടത്ത് ജോസഫ് റോയ്) മരണത്തിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അദ്ദേഹത്തിൻ്റെ കുടുംബം രംഗത്തെത്തി. മൂന്ന് ദിവസമായി തുടരുന്ന ആദായനികുതി പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ റോയിയെ അതിരൂക്ഷമായ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സഹോദരൻ സി.ജെ. ബാബു ആരോപിച്ചു.
മൂന്നു ദിവസമായി ഐടി വകുപ്പ് ഉദ്യോഗസ്ഥർ റോയിയുടെ ഓഫിസിൽ ഉണ്ടായിരുന്നു. ആദായ നികുതി വകുപ്പ് അഡിഷനല്‍ കമ്മിഷണര്‍ കൃഷ്ണപ്രസാദിൽ നിന്നും സമ്മർദം ഉണ്ടായിരുന്നെന്നാണു കേട്ടതെന്നും സി.ജെ.ബാബു പറഞ്ഞു. ഇന്നലെ രാവിലെ 10:40-ന് റോയി തന്നെ വിളിച്ചിരുന്നെന്നും ‘‘നീ എപ്പോഴാണ് വരുന്നത്, എനിക്കൊന്ന് കാണണമെന്ന് റോയ് പറഞ്ഞുവെന്നും സഹോദരൻ വെളിപ്പെടുത്തി. ഇന്ന് (ശനിയാഴ്ച) 7 മണിക്കു കാണാമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ കാണാൻ ആളുണ്ടായില്ല, ആള് പോയി. കടമോ, ബാധ്യതയോ, മറ്റു ഭീഷണികളോ ഒന്നും ഉണ്ടായിരുന്നില്ല. കുടുംബത്തെ കണ്ട ശേഷം നിയമനപടികൾ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ആലോചിക്കും’’ – സി.ജെ.ബാബു പറഞ്ഞു.
അതേസമയം, റോയിയുടെ മരണശേഷവും റെയ്ഡ് തുടർന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്നലെ ബെംഗളൂരുവിലെ ലാംഗ്ഫോർഡ് ടൗണിലുള്ള ഓഫിസിൽ പരിശോധന നടക്കുന്നതിനിടെയാണ് റോയ് സ്വയം വെടിയുതിർത്തത്. ഉച്ചയ്ക്ക് ശേഷം തന്റെ ക്യാബിനിൽ പോയി സ്വന്തം പിസ്റ്റൾ ഉപയോഗിച്ച് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.
മൂന്നു ദിവസമായി കോൺഫിഡന്റ് ഓഫിസുകളിൽ റെയ്ഡ് തുടരുകയായിരുന്നു. കൊച്ചിയിൽനിന്നുള്ള എട്ടംഗ ആദായനികുതി സംഘമാണ് റെയ്ഡ് നടത്തിയത്. നോട്ടിസ് നൽകി റോയിയെ ദുബായിൽനിന്നു വിളിച്ചുവരുത്തിയ ശേഷമായിരുന്നു റെയ്ഡ്. റോയിയുടെ കുടുംബം ദുബായിലായിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ബെംഗളൂരുവിൽ തുടരുകയായിരുന്നു. എല്ലാ രേഖകളും ഹാജരാക്കിയിട്ടും ഉദ്യോഗസ്ഥർ നിരന്തരം ബുദ്ധിമുട്ടിച്ചുവെന്ന് സി.ജെ. ബാബു വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് മേഖലയിലും സിനിമ നിർമ്മാണത്തിലും സജീവമായിരുന്നു 57-കാരനായ റോയ്. സംഭവത്തിൽ ബെംഗളൂരു പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഓഫിസിൽ റോയിയെ തടഞ്ഞുവച്ചെന്നും ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കിയതിനെത്തുടർന്നാണു ജീവനൊടുക്കിയതെന്നും ലീഗൽ അഡ്വൈസർ പ്രകാശ് ആരോപിച്ചു.
Roy’s death: Brother files complaint against Income Tax officials; Faced great pressure during three-day raid.















