
വാഷിംഗ്ടൺ: വെനിസ്വേലയിൽ നിക്കോളാസ് മഡുറോയെ പിടികൂടാനായി നടത്തിയ സൈനിക ദൗത്യത്തിൽ അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ മറ്റ് ഉന്നതരെ ഒഴിവാക്കിയതിനെ ന്യായീകരിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ രംഗത്തെത്തി. മഡുറോയ്‌ക്കൊപ്പം മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളായ പ്രതിരോധ മന്ത്രി വ്ലാഡിമിർ പഡ്രിനോ ലോപ്പസ്, ആഭ്യന്തര മന്ത്രി ഡിയോസ്‌ഡാഡോ കാബെല്ലോ എന്നിവരെ പിടികൂടാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച സിബിഎസ് ചാനലിന്‍റെ “ഫേസ് ദി നേഷൻ” പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒരേസമയം ഇത്രയധികം ഉന്നത ഉദ്യോഗസ്ഥരെ പിടികൂടുന്നത് സൈനികമായി പ്രായോഗികമല്ലെന്നും അത് ദൗത്യത്തിന്റെ സങ്കീർണ്ണത വർദ്ധിപ്പിക്കുമെന്നും റൂബിയോ പറഞ്ഞു. “ഒരൊറ്റ ഓപ്പറേഷനെക്കുറിച്ച് തന്നെ ഇപ്പോൾ എല്ലാവരും പരാതിപ്പെടുന്നു. നാലുപേരെ പിടികൂടാനായി നാലു ദിവസം അവിടെ തങ്ങേണ്ടി വന്നിരുന്നെങ്കിൽ ബാക്കിയുള്ളവർ എത്രമാത്രം പ്രശ്നമുണ്ടാക്കുമായിരുന്നു എന്ന് ചിന്തിച്ചു നോക്കൂ,” അദ്ദേഹം പരിഹസിച്ചു. മഡുറോയെ പിടികൂടുക എന്നതിനായിരുന്നു തങ്ങൾ ഏറ്റവും വലിയ മുൻഗണന നൽകിയതെന്നും അതീവ വെല്ലുവിളികൾ നിറഞ്ഞ ആ ദൗത്യം വിജയകരമായി പൂർത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറസ്റ്റിലായ മഡുറോ നിലവിൽ ന്യൂയോർക്കിലാണുള്ളത്. മയക്കുമരുന്ന് കടത്ത്, ആയുധ നിയമ ലംഘനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി തിങ്കളാഴ്ച അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. പഡ്രിനോ ലോപ്പസിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 1.5 കോടി ഡോളറും, ഡിയോസ്‌ഡാഡോ കാബെല്ലോയ്ക്ക് 2.5 കോടി ഡോളറും മുൻപ് അമേരിക്ക പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. മഡുറോയുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് താൽക്കാലിക ചുമതലയേറ്റിട്ടുണ്ട്. അവർ അമേരിക്കയുമായി സഹകരിക്കാൻ തയ്യാറാണെങ്കിൽ ചർച്ചകൾക്ക് തയ്യാറാണെന്ന് റൂബിയോ സൂചിപ്പിച്ചു.













