
ലണ്ടൻ: ഇംഗ്ലണ്ടിലെ യുഎസ് വ്യോമസേന ഉപയോഗിക്കുന്ന പ്രമുഖ സൈനിക താവളത്തിന് നേരെ നടന്നേക്കാമായിരുന്ന ഭീകരാക്രമണ നീക്കത്തിന് പിന്നിൽ വിദേശ ശക്തിയുടെ പങ്കുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. വൻ സുരക്ഷാ ഭീഷണിയുയർത്തിയ നീക്കമായിരുന്നു ഇതെന്നും സംഭവത്തിൽ കൂടുതൽ നിർണ്ണായക വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനെതിരെയുള്ള ആക്രമണങ്ങൾക്കായി യു.എസ് ബി-1 ബോംബർ വിമാനങ്ങൾ ഉപയോഗിക്കുന്ന പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഫെയർഫോർഡ് വ്യോമസേനാ താവളത്തിന് സമീപത്തു നിന്നാണ് ഞായറാഴ്ച പുലർച്ചെ അഞ്ച് ബ്രിട്ടീഷ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ മണിക്കൂറുകൾക്കകം പ്രതികൾക്ക് ബ്രിട്ടീഷ് പോലീസ് ജാമ്യം അനുവദിച്ചത് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത വിമർശനത്തിന് ഇടയാക്കി. സംഭവത്തിൽ ഇറാന് പങ്കുണ്ടാകാമെന്ന് സൂചന നൽകിയ ട്രംപ്, താനായിരുന്നുവെങ്കിൽ പ്രതികളെ ജാമ്യത്തിൽ വിടില്ലായിരുന്നുവെന്ന് തുറന്നടിച്ചു.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ഇറാൻ, സംഭവത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംശയാസ്പദമായ വാഹനങ്ങളിൽ സ്ഫോടകവസ്തുക്കൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും കേസിൽ കടുത്ത നിയന്ത്രണങ്ങളോടെ അന്വേഷണം തുടരുകയാണെന്നും ബ്രിട്ടീഷ് ഭീകരവിരുദ്ധ പോലീസ് അറിയിച്ചു. ബ്രിട്ടീഷ് അധികൃതർ കൃത്യമായ അന്വേഷണവുമായി മുന്നോട്ടുപോകുന്നുണ്ടെന്നും വിഷയത്തിൽ കാര്യമായ സഹകരണം നൽകുന്നുണ്ടെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കൂട്ടിച്ചേർത്തു.










