ഇറാൻ ഭരണനേതൃത്വത്തിൽ വിള്ളൽ; പുതിയ നേതൃത്വവുമായി ചർച്ചകൾ സജീവം, വെളിപ്പെടുത്തലുമായി മാർക്കോ റൂബിയോ

വാഷിംഗ്ടൺ: ഇറാൻ ഭരണകൂടത്തിനുള്ളിൽ ആഭ്യന്തരമായ ഭിന്നതകൾ രൂക്ഷമാണെന്നും പുതിയൊരു നേതൃത്വവുമായി അമേരിക്ക ചർച്ചകൾ നടത്തുന്നുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. എബിസി ന്യൂസിന്റെ ‘ഗുഡ് മോർണിംഗ് അമേരിക്ക’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇറാനിലെ ‘പുതിയതും കൂടുതൽ യുക്തിസഹവുമായ’ ഭരണകൂടവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെയാണ് റൂബിയോയുടെ ഈ പ്രതികരണം.

ആരുമായാണ് അമേരിക്ക ചർച്ചകൾ നടത്തുന്നതെന്ന ചോദ്യത്തിന്, അവരുടെ സുരക്ഷ മുൻനിർത്തി പേരുകൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് റൂബിയോ പറഞ്ഞു. “ചില പേരുകൾ വെളിപ്പെടുത്തുന്നത് ഇറാനിലെ മറ്റ് വിഭാഗങ്ങളിൽ നിന്ന് അവർക്ക് ഭീഷണി ഉയർത്താൻ കാരണമായേക്കാം. എന്നാൽ ഇറാൻ ഭരണകൂടത്തിനുള്ളിൽ വലിയ വിള്ളലുകൾ വീണിട്ടുണ്ട് എന്നത് വസ്തുതയാണ്. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ മറ്റൊരു ദിശയിലേക്ക് നയിക്കാൻ താല്പര്യമുള്ള ആളുകൾ ഇറാനിലുണ്ടെങ്കിൽ അത് സ്വാഗതാർഹമാണ്,” അദ്ദേഹം വ്യക്തമാക്കി.

ചർച്ചകളിൽ പങ്കെടുക്കുന്നവർ സ്വകാര്യമായി ശരിയായ കാര്യങ്ങളാണ് സംസാരിക്കുന്നതെന്നും എന്നാൽ അവർക്ക് ഇറാനിൽ അധികാരം പ്രയോഗിക്കാൻ എത്രത്തോളം സാധിക്കുമെന്ന് വരുംദിവസങ്ങളിൽ പരിശോധിക്കുമെന്നും റൂബിയോ കൂട്ടിച്ചേർത്തു. പൊതുമധ്യത്തിൽ അവർ പറയുന്ന കാര്യങ്ങളല്ല ഔദ്യോഗിക ചർച്ചകളിൽ പ്രതിഫലിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്കയെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പരമോന്നത നേതൃത്വത്തിൽ ഉണ്ടായ മാറ്റങ്ങൾക്ക് ശേഷം അമേരിക്കയുമായി സഹകരിക്കാൻ തയ്യാറുള്ള ഒരു വിഭാഗം ഉയർന്നുവരുന്നു എന്നതിന്റെ സൂചനയാണ് ഈ വെളിപ്പെടുത്തൽ.

More Stories from this section

family-dental
witywide