നാടുകടത്തിയ 137 പേർ എവിടെയെന്ന് അറിയില്ലെന്ന് റൂബിയോ, നിയമക്കുരുക്കിൽ ട്രംപ് ഭരണകൂടം; വെനിസ്വേലക്കാരെ നാടുകടത്തിയതിൽ പ്രതിസന്ധി

വാഷിംഗ്ടൺ: അമേരിക്ക കഴിഞ്ഞ വർഷം നിയമവിരുദ്ധമായി നാടുകടത്തിയ 137 വെനിസ്വേലൻ പൗരന്മാർ ഇപ്പോൾ എവിടെയാണെന്ന കാര്യത്തിൽ അറിവില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കോടതിയെ അറിയിച്ചു. വൻതോതിലുള്ള കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായാണ് ഇവരെ വെനിസ്വേലയിലേക്ക് തിരിച്ചയച്ചത്. എന്നാൽ, ഇവർക്ക് നിയമപരമായ ആനുകൂല്യങ്ങൾ നൽകിയില്ലെന്നും അവരെ തിരികെ കണ്ടെത്തണമെന്നും കഴിഞ്ഞ ഡിസംബറിൽ ഫെഡറൽ കോടതി ഉത്തരവിട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് അവർ എവിടെയാണെന്ന് കണ്ടെത്താൻ അമേരിക്കൻ സർക്കാരിന് കഴിയില്ലെന്ന് റൂബിയോ വ്യക്തമാക്കിയത്.

നാടുകടത്തപ്പെട്ടവർ വെനിസ്വേലയിൽ തന്നെ ഉണ്ടോ അതോ രാജ്യം വിട്ടു പോയോ എന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇവർക്ക് നീതി ലഭ്യമാക്കാനുള്ള നടപടികൾ അമേരിക്കയുടെ വിദേശനയങ്ങളെ ബാധിക്കുമെന്നും റൂബിയോ കോടതി ഫയലിംഗിൽ സൂചിപ്പിച്ചു. കുടിയേറ്റക്കാരെ നിശബ്‍ദമായി എൽ സാൽവദോറിലെ അതീവ സുരക്ഷാ ജയിലുകളിലേക്ക് അയച്ച നടപടി നേരത്തെ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച മനുഷ്യാവകാശ സംഘടനകളും കോടതിയും ഭരണകൂടത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർത്തുന്നത്.

വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ ഈ മാസമാദ്യം അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിൽ എത്തിച്ചിരുന്നു. ഇതിന് പിന്നാലെ വെനിസ്വേല ഇനി അമേരിക്കയുടെ നിയന്ത്രണത്തിലാകുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ അയൽരാജ്യത്ത് വലിയ രാഷ്ട്രീയ അട്ടിമറികൾ നടത്തുന്നതിനിടെയാണ്, തങ്ങൾ തന്നെ നാടുകടത്തിയവരുടെ വിവരങ്ങൾ ലഭ്യമല്ലെന്ന അമേരിക്കയുടെ തുറന്നുപറച്ചിൽ വരുന്നത്.

More Stories from this section

family-dental
witywide