
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നോവ്ഗൊറോഡ് മേഖലയിലുള്ള വസതി ലക്ഷ്യമാക്കി യുക്രെയ്‌ൻ ഡ്രോൺ ആക്രമണം നടത്തിയെന്നാരോപിച്ച റഷ്യ അതിന്റെ തെളിവുകൾ അമേരിക്കയ്ക്ക് കൈമാറി.
വെടിവെച്ചിട്ട ഡ്രോണിന്റെ ഭാഗങ്ങളും നാവിഗേഷൻ ഡാറ്റയും അടങ്ങിയ ഉപകരണം റഷ്യൻ മിലിട്ടറി ഇന്റലിജൻസ് ഏജൻസി (GRU) തലവൻ അഡ്മിറൽ ഇഗോർ കോസ്റ്റ്യുക്കോവ്, മോസ്കോയിലെ യുഎസ് മിലിട്ടറി അറ്റാഷെയ്ക്ക് നേരിട്ട് കൈമാറി.
വെടിവെച്ചിട്ട ഡ്രോണുകളിൽ നിന്ന് ലഭിച്ച നാവിഗേഷൻ ഡാറ്റ പരിശോധിച്ചപ്പോൾ, പുട്ടിന്റെ വസതിയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമായിട്ടുണ്ടെന്ന് റഷ്യ അവകാശപ്പെടുന്നു. ഡിസംബർ 29-ന് നടന്ന ആക്രമണത്തിൽ 91 ഡ്രോണുകൾ ഉപയോഗിച്ചതായാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് നേരത്തെ വ്യക്തമാക്കിയത്. എന്നാൽ, യുക്രെയ്‌ൻ ഇത്തരമൊരു ആക്രമണം നടത്തിയിട്ടില്ലെന്നും സമാധാന ചർച്ചകളെ അട്ടിമറിക്കാനുള്ള റഷ്യയുടെ ശ്രമമാണിതെന്നും യുക്രെയ്‌ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി ആവർത്തിച്ചു. യുഎസ് ഇന്റലിജൻസ് ഏജൻസിയായ സിഐഎയും (CIA) പുട്ടിന്റെ വസതി ലക്ഷ്യമിട്ട് ആക്രമണം നടന്നെന്ന വാദത്തിന് തെളിവില്ലെന്ന് വ്യക്തമാക്കിയിരുന്നു.
നിലവിൽ റഷ്യ-യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നടന്നു വരികയാണ്. ഇതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുമായി റഷ്യ രംഗത്തെത്തിയിരിക്കുന്നത്.
Russia has handed over evidence to the United States that Ukraine carried out a drone attack targeting Putin’s house.












