
മോസ്കോ: മധ്യേഷ്യയിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങൾ മേഖലയെയാകെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്നും അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഇറാനിലെ യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെയും തുടർന്നുണ്ടായ പ്രത്യാക്രമണങ്ങളെയും അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭാഗത്തുനിന്നുണ്ടാകുന്നത് നഗ്നമായ അധിനിവേശമാണെന്നും ഇത് മേഖലയിലെ സുസ്ഥിരതയെ തകർക്കുമെന്നും മോസ്കോ കുറ്റപ്പെടുത്തി.
ഇറാനിൽ കേവലം ഒരു ഭരണമാറ്റം മാത്രമല്ല ഈ യുദ്ധത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇറാനും അയൽരാജ്യങ്ങളായ അറബ് രാഷ്ട്രങ്ങളും തമ്മിൽ നിലവിലുള്ള നയതന്ത്ര ബന്ധങ്ങളെ തകർക്കാനും മേഖലയിലെ സമാധാനശ്രമങ്ങളെ അട്ടിമറിക്കാനുമാണ് ഈ നീക്കങ്ങളിലൂടെ ശ്രമിക്കുന്നത്. ഇറാനിലെ മിനാബ് നഗരത്തിൽ പെൺകുട്ടികളുടെ വിദ്യാലയത്തിന് നേരെ നടന്ന ബോംബാക്രമണത്തെ റഷ്യ ശക്തമായി അപലപിച്ചു. കുരുന്നുകളുടെ ജീവൻ അപഹരിച്ച ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
പ്രതിസന്ധി പരിഹരിക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഖത്തർ അമീർ തമീം ബിൻ ഹമദ് അൽതാനി എന്നിവരുമായി തിങ്കളാഴ്ച ചർച്ച നടത്തി. ഇറാന്റെ ആണവ പരിപാടിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ സമാധാനപരമായ ചർച്ചകൾക്കും വിട്ടുവീഴ്ചകൾക്കും റഷ്യ എന്നും തയ്യാറാണെന്ന് യുഎഇ നേതാവിനോട് പുടിൻ വ്യക്തമാക്കി. യുദ്ധം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിലുള്ള ആശങ്ക ഖത്തർ അമീറുമായുള്ള ചർച്ചയിൽ പുടിൻ പങ്കുവെച്ചു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുമുള്ള സംയുക്ത നീക്കങ്ങൾക്ക് റഷ്യൻ പ്രസിഡന്റ് ആഹ്വാനം ചെയ്തു.














