
മോസ്കോ: വെനസ്വേലയുമായി ബന്ധമുള്ള റഷ്യൻ പതാക വഹിച്ച എണ്ണക്കപ്പൽ അമേരിക്ക പിടിച്ചെടുത്തതിന് പിന്നാലെ, അതിലുള്ള തങ്ങളുടെ പൗരന്മാരെ ഉടനടി തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യ. ‘മരിനേര’ (പഴയ പേര്: ബെല്ല 1) എന്ന കപ്പൽ വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ വെച്ച് അമേരിക്കൻ നാവികസേന നാടകീയമായി പിടിച്ചെടുത്തതിനെതിരെ റഷ്യൻ വിദേശകാര്യ മന്ത്രാലയം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കപ്പലിലുള്ള റഷ്യൻ പൗരന്മാരോട് മാനുഷികവും അന്തസ്സുറ്റതുമായ രീതിയിൽ പെരുമാറണമെന്നും അവരുടെ മടക്കയാത്ര തടസ്സപ്പെടുത്തരുതെന്നും റഷ്യൻ വാർത്താ ഏജൻസിയായ ‘ടാസ്’ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ മാസം വെനസ്വേലൻ തീരത്ത് വെച്ച് അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമിച്ച കപ്പലിനെ പിടികൂടാൻ യുഎസ് ശ്രമിച്ചിരുന്നെങ്കിലും അന്ന് കപ്പൽ രക്ഷപ്പെട്ടിരുന്നു. തുടർന്ന് റഷ്യ ഈ കപ്പലിന്റെ പേര് മാറ്റുകയും തങ്ങളുടെ പതാക നൽകി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ റഷ്യയുടെ നയതന്ത്ര ആവശ്യങ്ങളെ തള്ളിക്കൊണ്ട് അമേരിക്കൻ സേന കപ്പൽ പിടിച്ചെടുക്കുകയായിരുന്നു. സമുദ്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്ക നടത്തിയിരിക്കുന്നതെന്നും ഇതൊരു ‘കടൽക്കൊള്ള’യ്ക്ക് തുല്യമാണെന്നും റഷ്യൻ പ്രതിനിധികൾ ആരോപിച്ചു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിന് പിന്നാലെ ഉണ്ടായ ഈ സംഭവം റഷ്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
വെനസ്വേലയിലേക്കും തിരിച്ചുമുള്ള എണ്ണക്കപ്പലുകൾക്കെതിരായ യുഎസ് സമുദ്ര ഉപരോധം മറികടക്കാനും യുഎസ് കോസ്റ്റ് ഗാർഡിന്റെ പരിശോധനകൾക്കെതിരെ പ്രതിരോധിക്കാനും ശ്രമിച്ചതിനാണ് കപ്പൽ പിടിച്ചെടുത്തത്. വെനസ്വേല, റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾക്ക് വേണ്ടി ഉപരോധം ലംഘിച്ച് എണ്ണ കടത്തുന്ന ‘ഷാഡോ ഫ്ലീറ്റ്’ കപ്പലുകളുടെ ഭാഗമാണ് മരിനേരയെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ഹെലികോപ്റ്റർ ഉപയോഗിച്ച് സേനാംഗങ്ങൾ കപ്പലിലെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.















