
മോസ്കോ: ഇറാനിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളുടെ മറവിൽ വിദേശ രാജ്യങ്ങൾ നടത്തുന്ന ഇടപെടലുകളെ റഷ്യൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗു ശക്തമായി അപലപിച്ചു. ഇറാനിലെ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം റഷ്യയുടെ നിലപാട് വ്യക്തമാക്കിയത്. ഇറാൻ സർക്കാരിനെ അട്ടിമറിക്കാനുള്ള വിദേശശക്തികളുടെ പുതിയ ശ്രമങ്ങളെ റഷ്യൻ സ്റ്റേറ്റ് മീഡിയയും സ്പുട്നിക് വാർത്താ ഏജൻസിയും ഈ കൂടിക്കാഴ്ചയെ മുൻനിർത്തി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇറാനിലെ നിലവിലെ അക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സെർജി ഷോയിഗു അനുശോചനം അറിയിച്ചു. മേഖലയിലെ സമാധാനം നിലനിർത്തുന്നതിന് ഇറാനും റഷ്യയും തമ്മിലുള്ള തന്ത്രപരമായ സഹകരണം അത്യന്താപേക്ഷിതമാണെന്ന് ഇരു നേതാക്കളും വിലയിരുത്തി. യുക്രൈൻ യുദ്ധത്തിൽ ഇറാൻ നൽകുന്ന സൈനിക സഹായം റഷ്യയ്ക്ക് നിർണ്ണായകമാണ്. പ്രത്യേകിച്ച്, ഇറാനിൽ നിന്നുള്ള അത്യാധുനിക ഡ്രോൺ സാങ്കേതികവിദ്യകൾ റഷ്യൻ സൈന്യം ഉപയോഗിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ജൂണിൽ ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാന്‍റെ ആണവ-സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചപ്പോൾ റഷ്യ കാര്യമായ സഹായം നൽകിയിരുന്നില്ലെന്ന വിമർശനം നിലനിൽക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഇറാനിൽ പ്രക്ഷോഭങ്ങൾ ശക്തമാകുകയും അമേരിക്കൻ ഇടപെടൽ ഉണ്ടാകുമെന്ന് ഭീഷണി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇറാൻ ഭരണകൂടത്തിന് പൂർണ്ണ പിന്തുണ നൽകാനാണ് പുടിൻ സർക്കാരിന്‍റെ തീരുമാനം. പശ്ചിമേഷ്യയിൽ അമേരിക്കയുടെ സ്വാധീനം കുറയ്ക്കാനും ഇറാന്‍റെ സുരക്ഷ ഉറപ്പാക്കാനും റഷ്യയും ഇറാനും ഒന്നിച്ച് നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.















