
കീവ്: മിഡിൽ ഈസ്റ്റിലെയും ഗൾഫ് മേഖലയിലെയും യുഎസ് സൈനിക താവളങ്ങളിൽ റഷ്യ രഹസ്യ നിരീക്ഷണം നടത്തുന്നതായി യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്‌കി. ഇതുസംബന്ധിച്ച കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങൾ തനിക്ക് ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
കുവൈറ്റ്, സൗദി അറേബ്യ, തുർക്കി, ഖത്തർ എന്നിവിടങ്ങളിലെ യുഎസ്, ബ്രിട്ടീഷ് താവളങ്ങൾക്കും ഇന്ത്യൻ സമുദ്രത്തിലെ ഡീഗോ ഗാർഷ്യയിലെ സംയുക്ത സൈനിക താവളത്തിനും നേരെ ഈ ആഴ്ച റഷ്യൻ നിരീക്ഷണം നടന്നതായാണ് സെലെൻസ്‌കി അവകാശപ്പെടുന്നത്. മൊത്തം ഏഴ് തന്ത്രപ്രധാന മേഖലകളിൽ റഷ്യ ഫോട്ടോ എടുക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റഷ്യൻ എണ്ണയ്ക്ക് മേലുള്ള ഉപരോധം അമേരിക്ക താൽക്കാലികമായി നീക്കിയ പശ്ചാത്തലത്തിലാണ് സെലെൻസ്‌കിയുടെ ഈ പ്രതികരണം. “ഇത് വിചിത്രമാണ്. ഉപരോധങ്ങൾ നീക്കം ചെയ്യപ്പെടുമ്പോൾ തന്നെ, ആ രാജ്യങ്ങളുടെ താവളങ്ങളെ ലക്ഷ്യം വയ്ക്കാനുള്ള വിവരങ്ങൾ റഷ്യ കൈമാറുകയാണ്,” അദ്ദേഹം ടെലിഗ്രാമിൽ കുറിച്ചു.
അതേസമയം, കഴിഞ്ഞ ആഴ്ച ഡീഗോ ഗാർഷ്യയിലെ യുഎസ്-യുകെ താവളത്തിന് നേരെ ഇറാൻ രണ്ട് ഇടത്തരം ദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മിസൈലുകൾ താവളത്തിൽ പതിച്ചില്ലെങ്കിലും ഇറാൻ്റെ ദീർഘദൂര ആക്രമണ പ്രഹരശേഷി ഈ നീക്കം തെളിയിക്കുന്നു. യുഎസ് സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ റഷ്യ ഇറാനു കൈമാറുന്നതായും ഷാഹെദ് ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾക്ക് റഷ്യ സാങ്കേതിക ഉപദേശം നൽകുന്നതായും പാശ്ചാത്യ രഹസ്യാന്വേഷണ വൃത്തങ്ങൾ സിഎൻഎന്നിനോട് വെളിപ്പെടുത്തി.
സംഭവത്തിൽ പ്രതികരിക്കാൻ യുഎസ് പ്രതിരോധ വകുപ്പ് തയ്യാറായിട്ടില്ല. റഷ്യൻ എംബസിയും ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
Russian surveillance of US bases in the Middle East: Zelensky reveals














