
വാഷിംഗ്ടൺ: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ റയാൻ വെസ്‌ലി റൗത്തി(59)നെ യുഎസ് കോടതി ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു. ഫ്ലോറിഡയിലെ ഫോർട്ട് പിയേഴ്സിലുള്ള ഫെഡറൽ കോടതിയാണ് വിധി പ്രസ്താവിച്ചത്. ജീവപര്യന്തത്തിന് പുറമെ, തോക്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കുറ്റത്തിന് ഏഴ് വർഷം (84 മാസം) അധിക തടവും കോടതി വിധിച്ചു.
2024 സെപ്റ്റംബർ 15-ന് ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ട്രംപിൻ്റെ ഗോൾഫ് ക്ലബ്ബിൽ വെച്ചാണ് റൗത്ത് വധശ്രമം നടത്തിയത്. ഗോൾഫ് കളിക്കുകയായിരുന്ന ട്രംപിനെ വധിക്കാൻ തോക്കുമായി കുറ്റിക്കാട്ടിൽ പതുങ്ങിയിരുന്ന ഇയാളെ സീക്രട്ട് സർവീസ് ഏജന്റുമാർ കണ്ടെത്തുകയായിരുന്നു.
ശിക്ഷ വിധിച്ച ജഡ്ജി എലീൻ കാനൻ, റൗത്തിന്റെ പ്രവൃത്തിയെ “ആസൂത്രിതവും പൈശാചികവും” എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം, കോടതിയിൽ സംസാരിക്കവേ താൻ ഒരു സമാധാനപ്രേമിയാണെന്നും അമേരിക്കയെ രക്ഷിക്കാനാണ് ഇത് ചെയ്തതെന്നുമാണ് റൗത്ത് അവകാശപ്പെട്ടത്. എന്നാൽ ഇതൊരു വധശ്രമമായിരുന്നു എന്ന് വ്യക്തമാക്കുന്ന റൗത്ത് എഴുതിയ കത്ത് പ്രോസിക്യൂട്ടർമാർ കോടതിയിൽ ഹാജരാക്കിയിരുന്നു.
Ryan Wesley Routh, the suspect in the attempted assassination of Trump, was sentenced to life in prison















