തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ അയ്യപ്പജ്യോതി സംഘടിപ്പിച്ച് ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പരിപാടി ഉദ്ഘാടനം ചെയ്തു. നാടിൻ്റെ വിശ്വാസവും സംസ്കാരവും നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ശബരിമലയുടെ പേരിൽ അന്ന് രാഷ്ട്രീയം നടത്തിയ സിപിഎമ്മും കോൺഗ്രസും ഇന്നും ആ രാഷ്ട്രീയം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുണ്യക്ഷേത്രമായ ശബരിമലയിൽ സ്വർണം കൊള്ളയടിച്ചിട്ട് ആറുമാസം കഴിഞ്ഞു. എന്നിട്ടും ഈ കൊള്ളയ്ക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ എസ്ഐടിക്ക് ആയിട്ടില്ല. ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്‌തത്. പിന്നെ എന്തിനാണ് തന്ത്രിയെ അറസ്റ്റുചെയ്തത്. ജനങ്ങളെ വിഡ്ഢികളാക്കാൻ മുഖ്യമന്ത്രി എന്ത് തന്ത്രം പയറ്റിയാലും ബിജെപി അനുവദിക്കില്ല. ശബരിമല കേസ് സിബിഐയെ ഏൽപ്പിക്കണമെന്നും 2018ൽ കൊടുത്ത സത്യവാങ്മൂലം തിരുത്തണമെന്നും വിശ്വാസ സംരക്ഷത്തിനായി സമരം ചെയ്തവരുടെ പേരിലെടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്നും ‘അയ്യപ്പജ്യോതി’ ഉദ്ഘാടനം ചെയ്തുകൊണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സ്വർണക്കൊള്ളയുടെ പേരിൽ ശബരിമല തന്ത്രിയെ നിയമസഭയിലടക്കം അപമാനിച്ചവരാണ് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവുമെന്ന് മുൻകേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനേയും അടൂർ പ്രകാശിനെയും രഹസ്യമായി ചോദ്യം ചെയ്തത് എസ്ഐടി, വിവരങ്ങൾ ചോദിച്ചറിയാൻ വിളിച്ച ശബരിമല തന്ത്രിയെ 41 ദിവസം പിടിച്ച് ജയിലിലിട്ടെന്നും മുരളീധരൻ പറഞ്ഞു. ശബരിമല ശ്രീകോവിലിൻ്റെ സ്വർണപ്പാളികൾ മോഷ്ടിക്കപ്പെട്ടിട്ടു മാസങ്ങൾ ആയി. ലോകമെമ്പാടുമുള്ള അയ്യപ്പ വിശ്വാസികൾ ഏറെ വേദനയോടെയാണ് ആ സംഭവത്തെ കാണുന്നത്. കുറ്റക്കാർക്ക് അർഹമായ ശിക്ഷ നടപ്പാക്കും എന്ന് ബിജെപി വിശ്വാസികൾക്ക് നൽകിയ ഉറപ്പാണ്. കടകംപള്ളി സുരേന്ദ്രനും വി.എൻ. വാസവനും അടക്കമുള്ളവരുടെ പങ്ക് പുറത്തു വരണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
പരിപാടിയിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, ശോഭസുരേന്ദ്രൻ, വൈസ് പ്രസിഡൻ്റ് കെ. സോമൻ, സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയൻ, സൗത്ത് പ്രസിഡന്റ് മുക്കംപാലമൂട് ബിജു, നോർത്ത് ജില്ലാ പ്രസിഡൻ്റ് റെജികുമാർ എന്നിവർ പ്രസംഗിച്ചു.
Sabarimala gold loot: BJP lights Ayyappa Jyoti in front of Cliff House












