ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിമാൻഡ് റിപ്പോർട്ട്. ശ്രീകോവിലിലെ സ്വർണപ്പാളികൾ കടത്തുന്നതിന് തന്ത്രി കുറ്റകരമായ മൗനാനുവാദം നൽകിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിലെ മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുണ്ടായിരുന്ന മുൻപരിചയം ഇതിനായി ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തൽ.
തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നു. പോറ്റിക്ക് കട്ടിളപ്പാളികൾ കൊണ്ടുപോകാനായി തന്ത്രി ഒത്താശചെയ്തു. താന്ത്രികവിധികൾ പാലിക്കാതെയാണ് കട്ടിളപ്പാളികൾ കൈമാറിയത്. ദേവന്റെ അനുജ്ഞ വാങ്ങാതെയാണ് കട്ടിളപ്പാളികൾ കൈമാറിയതെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
താന്ത്രിക വിധികൾ പാലിക്കാതെയും ദേവന്റെ അനുജ്ഞ വാങ്ങാതെയുമാണ് സ്വർണപ്പാളികൾ കൈമാറിയതെന്ന് പോലീസ് കോടതിയെ അറിയിച്ചു. ദേവസ്വം ബോർഡ് അധികൃതർ പാളികൾ പോറ്റിക്ക് കൈമാറിയപ്പോൾ അത് തടയാൻ തന്ത്രി തയ്യാറായില്ല. എന്നാൽ, നിലവിലെ റിമാൻഡ് റിപ്പോർട്ടിൽ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പരാമർശമില്ലെന്നത് ശ്രദ്ധേയമാണ്.
കേസിൽ 13-ാം പ്രതിയായ തന്ത്രിയെ വെള്ളിയാഴ്ച മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രിയോടെ കൊല്ലം വിജിലൻസ് കോടതി ജഡ്ജിക്ക് മുൻപാകെ ഹാജരാക്കും. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതിനോടകം മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ ഉൾപ്പെടെയുള്ള പ്രമുഖർ അറസ്റ്റിലായിട്ടുണ്ട്.
അതേസമയം താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചു. കേസിൽ കുടുക്കിയതാണോ എന്ന ചോദ്യത്തിന് അദ്ദേഹം അതെ എന്ന് തലകുലുക്കി സമ്മതിക്കുകയും ചെയ്തു. തുടർന്ന് വാഹനത്തിൽ കയറുകയായിരുന്നു. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ് കോടതി മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്കുള്ള മടക്കത്തിനിടെയായിരുന്നു പ്രതികരണം.















