തുടർ ഭരണത്തിനെതിരെയുള്ള പ്രതികരണം വിവാദമായതോടെ സര്‍ക്കാരിനെതിരെ വീണ്ടും കടുപ്പിച്ച് കവിയും സാഹിത്യ അക്കാദമി ചെയര്‍മാനുമായ സച്ചിദാനന്ദൻ രംഗത്തെത്തിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി. പ്രസംഗങ്ങളിലും പ്രതികരണങ്ങളിലും ഓർമ്മയും യുക്തിയും നഷ്ടമാകുന്നുവെന്ന് അടുത്തിടെയായി സച്ചിദാനന്ദൻ മാഷ് തന്നെ പല തവണയായി ഏറ്റുപറഞ്ഞിട്ടുണ്ട്. അത്തരം വിചിത്രമായ ഒരു പ്രതികരണമായി കേരളം ഇതിനെ കണക്കാക്കുമെന്നും കരിവെള്ളൂര്‍ മുരളി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
സച്ഛിദാനന്ദനും സാറാ ജോസഫിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കരിവെള്ളൂര്‍ മുരളിയുടെ രൂക്ഷ വിമര്‍ശനം. സാമാന്യ യുക്തിക്കു നിരക്കാത്ത രാഷ്ട്രീയ കൗശലം കേരളം സ്വീകരിക്കില്ലെന്നും സച്ചിദാനന്ദൻ മാഷെയും സാറാ ടീച്ചറെയും പോലുള്ളവർ അറിഞ്ഞോ അറിയാതെയോ ഒരു ഗൂഢപദ്ധതിയുടെ ഭാഗമായിത്തീരുകയാണ്. സി.പി.എം നശിക്കാതിരിക്കാൻ കേരളത്തിൽ തുടർഭരണം ലഭിക്കാതിരിക്കണമെന്നും കോൺഗ്രസ് മുഴുവൻ ബി ജെ പി യിലേക്ക് പോയി നശിക്കാതിരിക്കാൻ കോൺഗ്രസിന് ഭരണം ലഭിക്കണമെന്നും ആഗ്രഹിക്കുന്നവർ കോൺഗ്രസിന് വോട്ടുചെയ്യണമെന്ന കാരശ്ശേരി മാഷ് തുടങ്ങി വെച്ച വിചിത്രമായ ഒരു മുദ്രാവാക്യത്തോടൊപ്പം ഇത്തവണ വീണ്ടും കൈ പൊക്കുന്നത് സച്ചിദാനന്ദൻ മാഷും സാറ ടീച്ചറുമാണെന്ന് പറഞ്ഞുകൊണ്ടാണ് കരിവെള്ളൂര്‍ മുരളിയുടെ വിമര്‍ശനം.
സാമാന്യരാഷ്ട്രീയ ബോധമുള്ളവർക്കെല്ലാം അറിയാം ഒരു തെരഞ്ഞെടുപ്പ് പടി വാതിൽക്കൽ വന്നു നിൽക്കുമ്പോൾ അതിന്‍റെ പ്രചാരണത്തിന് പല അടരുകളുണ്ടാകും. കോൺഗ്രസ് അത് രൂപകല്പന ചെയ്യാനും നടപ്പിലാക്കാനുമാണ് കോടികൾ മുടക്കി ഒരു കനഗോലുവിനെ ഇറക്കുമതി ചെയ്ത് തീറ്റിപ്പോറ്റുന്നതെന്നും കരിവെള്ളൂര്‍ മുരളി വിമര്‍ശിക്കുന്നു. ഒരിക്കലും കേരളത്തിലേക്ക് കടന്നുകയറാൻ ഫാസിസ്റ്റ് ശക്തികൾ നടത്തുന്ന പദ്ധതികളെ തടയിടാൻ കോൺഗ്രസിന് കഴിയില്ലെന്നും ഈ യാഥാർത്ഥ്യങ്ങളെല്ലാം തിരിച്ചറിയാൻ ശേഷിയുള്ള സച്ചിദാനന്ദൻ മാഷെയും സാറാ ടീച്ചറെയും പോലുള്ളവർ അറിഞ്ഞോ അറിയാതെയോ ഒരു ഗൂഢപദ്ധതിയുടെ ഭാഗമായിത്തീരുകയാണെന്നും കരിവെള്ളൂര്‍ മുരളി ആരോപിക്കുന്നു.
Sachidanandan’s response against continued rule; Karivellur Murali says it will be considered a strange response












