
വാഷിംഗ്ടൺ: യു.എസിൽ ട്രക്ക്, ബസ് ഡ്രൈവർമാർക്ക് പരിശീലനം നൽകുന്ന 550-ലധികം കൊമേഴ്‌സ്യൽ ഡ്രൈവിംഗ് സ്‌കൂളുകൾ അടച്ചുപൂട്ടാൻ ഗതാഗത വകുപ്പ് ബുധനാഴ്ച ഉത്തരവിട്ടു. യോഗ്യതയില്ലാത്ത ഇൻസ്ട്രക്ടർമാരെ നിയമിക്കുക, വിദ്യാർത്ഥികളെ വേണ്ടവിധം പരിശോധിക്കാതിരിക്കുക തുടങ്ങിയ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.
ട്രക്കിംഗ് മേഖലയിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള ഗതാഗത വകുപ്പിന്റെ ഏറ്റവും പുതിയ നീക്കത്തിൻ്റെ ഭാഗമാണിത്. കഴിഞ്ഞ വർഷം ഏകദേശം 7,500 സ്കൂളുകളുടെ അംഗീകാരം റദ്ദാക്കിയിരുന്നെങ്കിലും, അവയിൽ ഭൂരിഭാഗവും നിലവിൽ പ്രവർത്തിക്കാത്തവയായിരുന്നു. എന്നാൽ ഇത്തവണ, സജീവമായി പ്രവർത്തിക്കുന്ന 1,426 സ്കൂളുകളിൽ നേരിട്ട് പരിശോധന നടത്തിയാണ് വീഴ്ചകൾ കണ്ടെത്തിയത്.
ഓഗസ്റ്റിൽ ഫ്ലോറിഡയിൽ നടന്ന മാരകമായ അപകടത്തെത്തുടർന്ന്, അനർഹരായ കുടിയേറ്റക്കാർക്ക് കൊമേഴ്‌സ്യൽ ഡ്രൈവിംഗ് ലൈസൻസ് നൽകുന്ന സംസ്ഥാനങ്ങൾക്കെതിരെ വകുപ്പ് കർശന നടപടി സ്വീകരിച്ചു വരികയാണ്. അമേരിക്കയിൽ തുടരാൻ അനുമതിയില്ലാത്ത ഒരു ഇന്ത്യക്കാരനായ ഡ്രൈവർ നിയമവിരുദ്ധമായി യു-ടേൺ എടുത്തതുമൂലമുണ്ടായ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഈ മാസം ഇന്ത്യാനയിൽ നാല് പേരുടെ മരണത്തിനിടയാക്കിയ അപകടവും ആശങ്കകൾ വർദ്ധിപ്പിച്ചു.
448 ഡ്രൈവിംഗ് സ്കൂളുകൾ അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. യോഗ്യതയില്ലാത്ത ഇൻസ്ട്രക്ടർമാരെ ഉപയോഗിക്കുക, വിദ്യാർത്ഥികളുടെ കഴിവുകൾ പരിശോധിക്കാതിരിക്കുക, അപകടകരമായ വസ്തുക്കൾ കൈകാര്യം ചെയ്യാൻ പഠിപ്പിക്കാതിരിക്കുക എന്നിവയാണ് പ്രധാന വീഴ്ചകളെന്ന്
ഗതാഗത സെക്രട്ടറി സീൻ ഡഫി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പരിശോധന ഭയന്ന് 109 സ്കൂളുകൾ സ്വയം രജിസ്ട്രിയിൽ നിന്ന് പിന്മാറി.
“സ്കൂൾ ബസ്, ട്രക്ക് ഡ്രൈവർമാർ നിയമങ്ങളെല്ലാം കൃത്യമായി പാലിക്കുന്നുണ്ടെന്ന് അമേരിക്കൻ കുടുംബങ്ങൾക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. അതിന് വാഹനത്തിൻ്റെ സ്റ്റിയറിംഗിൽ കൈവെക്കുന്നതിന് മുൻപ് ശരിയായ പരിശീലനം ലഭിക്കണം,” ഡഫി പറഞ്ഞു.
നീക്കം ആരെയൊക്കെ ബാധിക്കും?
അംഗീകാരം നഷ്ടപ്പെട്ടവയിൽ ഭൂരിഭാഗവും ചെറിയ ഡ്രൈവിംഗ് സ്കൂളുകളും സ്കൂൾ ഡിസ്ട്രിക്റ്റുകൾ നടത്തുന്ന പ്രോഗ്രാമുകളുമാണ്. എന്നാൽ പ്രമുഖമായ വലിയ സ്കൂളുകൾ പരിശോധനയിൽ വിജയിച്ചെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2022-ൽ പാസാക്കിയ ഡ്രൈവിംഗ് സ്കൂൾ മാനദണ്ഡങ്ങൾ ഇതാദ്യമായാണ് ഇത്ര കർശനമായി നടപ്പിലാക്കുന്നത്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ ഈ നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്. നിലവിൽ മറ്റ് 97 സ്കൂളുകൾ കൂടി അന്വേഷണ പരിധിയിലാണ്.
പരിശീലന സ്കൂളുകൾക്കും ട്രക്കിംഗ് കമ്പനികൾക്കും സ്വയം സർട്ടിഫൈ ചെയ്ത് പ്രവർത്തനം തുടങ്ങാം എന്നതാണ് ഈ രംഗത്തെ പ്രധാന പ്രശ്നമായി നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ഇതുമൂലം സുരക്ഷാ വീഴ്ചകൾ പലപ്പോഴും അധികൃതർ വൈകിയാണ് കണ്ടെത്തുന്നത്. ഈ സ്കൂളുകളിൽ നിന്ന് പഠിച്ചിറങ്ങിയ ഡ്രൈവർമാരുടെ യോഗ്യതകൾ പിന്നീട് പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് വക്താവ് അറിയിച്ചിട്ടുണ്ട്.
Safety lapses: US Department of Transportation to close more than 550 driving schools that train truck and bus drivers














