
വാഷിംഗ്‌ടൺ: അമേരിക്കയിലെ സെൻട്രൽ ഫ്ലോറിഡയിൽ തിങ്കളാഴ്ച രാവിലെയുണ്ടായ ദാരുണമായ ബസ് അപകടത്തിൽ രണ്ട് പേർ മരിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മുപ്പത്തിയേഴ് ഹൈസ്‌കൂൾ വിദ്യാർത്ഥികളും ഡ്രൈവറും അദ്ദേഹത്തിന്റെ ഒൻപത് വയസ്സുള്ള മകളും ഉൾപ്പെടെ 39 യാത്രക്കാരുമായി പോയ സ്‌കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയും, അപകടത്തിൽപ്പെട്ട വാനിൻ്റെ ഡ്രൈവറുമാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 6:15-ഓടെ ഫ്ലോറിഡയിലെ വിന്റർ ഹാവനിലാണ് സംഭവം. നാല് വാഹനങ്ങൾ ഉൾപ്പെട്ട വലിയൊരു അപകടമാണ് പ്രദേശത്ത് നടന്നതെന്ന് പോൾക്ക് കൗണ്ടി ഷെരീഫ് ഗ്രേഡി ജഡ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സ്‌കൂൾ ബസ് അതിന്റെ ലൈനിലൂടെ കൃത്യമായി സഞ്ചരിക്കുമ്പോൾ എതിർദിശയിൽ നിന്ന് വന്ന ഒരു കാർ നിയന്ത്രണം വിട്ട് റോഡിന്റെ മധ്യരേഖ മറികടന്ന് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതേത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് തൊട്ടുപിന്നാലെ വന്ന സിൽവർ ജീപ്പുമായി നേർക്കുനേർ കൂട്ടിയിടിച്ച് മറിയുകയായിരുന്നു.
അപകടം നടന്നയുടൻ തന്നെ ഫ്ലോറിഡയിലെ വിവിധ പൊലീസ്-ഫയർഫോഴ്‌സ് വിഭാഗങ്ങൾ സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരിൽ ഗുരുതരാവസ്ഥയിലായ മൂന്ന് കുട്ടികളെ എയർ ആംബുലൻസ് മാർഗ്ഗം അതിവേഗം ആശുപത്രിയിലെത്തിച്ചു. 22 കുട്ടികളെ മറ്റൊരു ബസിലും, ബസ് ഡ്രൈവറെയും മകളെയും ഉൾപ്പെടെ ശേഷിക്കുന്നവരെ സാധാരണ ആംബുലൻസുകളിലും വിവിധ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ ആശുപത്രി വിട്ടതായാണ് വിവരം. ഒരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു.
അപകടത്തെക്കുറിച്ച് ട്രാഫിക് ഹോമിസൈഡ് വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരാനിരിക്കുന്ന വാർത്താസമ്മേളനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു. അപകടമുണ്ടായാൽ ബസിൽ നിന്ന് എങ്ങനെ അടിയന്തരമായി പുറത്തുകടക്കണമെന്ന് കുട്ടികൾക്ക് സ്കൂളുകളിൽ കൃത്യമായ പരിശീലനം നൽകാറുള്ളതിനാലാണ് വലിയൊരു ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനായതെന്ന് പോൾക്ക് കൗണ്ടി പബ്ലിക് സ്കൂൾ സൂപ്രണ്ട് ഫ്രെഡ് ഹെയ്ഡ് പ്രതികരിച്ചു.
School bus accident in Florida: Student and driver killed; three children airlifted to hospital.














