ബെയ്ജിംഗ്: മീൻ കഴിക്കുമ്പോൾ ചെറിയ മുള്ളുകൾ ഉണ്ടാക്കുന്ന അപകട സാധ്യത തടയാൻ മുള്ളില്ലാ മത്സ്യത്തെ വികസിപ്പിച്ച് ചൈന. ശുദ്ധജല മത്സ്യമായ കാർപ് ഇനത്തിലുള്ള മീനിനെയാണ് ചൈന വികസിപ്പിച്ചെടുത്തത്. ഈ മത്സ്യത്തെ പാകം ചെയ്ത് കഴിക്കുമ്പോൾ നേരിടുന്ന വെല്ലുവിളിയാണ് ഇൻ്റർ മസ്കുലാർ ബോൺസ് എന്ന ചെറുമുള്ളുകൾ. ഇതിന് പരിഹാരമായി ചെറുമുള്ളുകൾ ഇല്ലാത്ത ഇനം കാർപ് മത്സ്യത്തൊണ് ചൈന ജനിതക മാറ്റത്തിലൂടെ സൃഷ്ടിച്ചിരിക്കുന്നത്.
പ്രമുഖ ഗവേഷകൻ ഗൂയി ജിയാൻഫാംഗിന്റെ നേതൃത്വത്തിലെ ഗവേഷക സംഘമാണ് സോംഗ്കെ നമ്പർ 6 എന്നയിനം കാർപിനെ സൃഷ്ടിച്ചിരിക്കുന്നത്. ചെറുമുള്ളുകളുടെ വളർച്ചയ്ക്ക് കാരണമാകുന്ന ജീനിൽ മാറ്റം വരുത്തിയാണ് ഈ നേട്ടം . മീനിൽ വൈ അക്ഷരത്തിന് സമാനമായ മുള്ളുകളുടെ വളർച്ചയ്ക്ക് കാരണമാകുന്ന ജീനിനെ തിരിച്ചറിയുകയാണ് ഇതിനായി ഗവേഷകർ ആദ്യം ചെയ്തത്. അതിസങ്കീർണമായ ജനിതക മാപ്പിംഗിലൂടെ ആർയുഎൻഎക്സ്2ബി എന്ന ജീനിനെ തിരിച്ചറിഞ്ഞു.
സാധാരണ കാർപ് മത്സ്യങ്ങളിൽ 80ൽ ഏറെ ചെറുമുള്ളുകൾ കാണാറുണ്ട്. ശ്രദ്ധയോടെ കഴിച്ചില്ലെങ്കിൽ ഇവ തൊണ്ടയിൽ കുടുങ്ങി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് സർവ്വസാധാരണമാണ്. കുറഞ്ഞ തീറ്റയിൽ പുതിയ ഇനം കാർപ് കൂടുതൽ വിളവ് നൽകുമെന്നാണ് ചൈനീസ് അക്കാദമി ഓഫ് സയൻസ് അവകാശപ്പെടുന്നത്. വാണിജ്യ അടിസ്ഥാനത്തിലുള്ള ഉത്പാദനം ലക്ഷ്യമിട്ടാണ് സോംഗ്കെ നമ്പർ 6 നെ ചൈനീസ് അക്കാദമി ഓഫ് സയൻസ് സൃഷ്ടിച്ചിരിക്കുന്നത്.
Scientists In China Create A New Bone-Free Fish That Is Easy To Eat















