
കാലിഫോർണിയ : അമേരിക്കയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിക്കായുള്ള അന്വേഷണം അഞ്ചാം ദിവസത്തിലേക്ക് കടന്നു. കാലിഫോർണിയയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്ക്‌ലിയിൽ ഉപരിപഠനം നടത്തുന്ന കർണാടക സ്വദേശിയായ സാകേത് ശ്രീനിവാസയ്യ എന്ന 22 വയസ്സുകാരനെയാണ് കാണാതായത്.
ഫെബ്രുവരി 9 തിങ്കളാഴ്ചയാണ് ഇദ്ദേഹത്തെ അവസാനമായി കണ്ടത്. ബെർക്ക്‌ലി ക്യാമ്പസിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള ഡ്വൈറ്റ് വേയിലെ 1700 ബ്ലോക്കിന് സമീപത്തെ അൻസ തടാകത്തിനരുകിലാണ് ഇദ്ദേഹത്തെ അവസാനമായി കണ്ടതെന്നാണ് റിപ്പോർട്ടുകൾ.
അന്വേഷണത്തിനിടയിൽ, സാകേതിൻ്റെ പാസ്‌പോർട്ടും ലാപ്ടോപ്പും അടങ്ങിയ ബാക്ക്പാക്ക് ടിൽഡൻ റീജിയണൽ പാർക്കിന് സമീപമുള്ള ഒരു വീടിൻ്റെ മുൻപിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ബെർക്ക്‌ലി പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് ഇദ്ദേഹത്തെ ‘അപകടസാധ്യതയുള്ള (at-risk)’ കാണാതായ വ്യക്തിയായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഡൈവർമാരെയും ഉപയോഗിച്ച് അൻസ തടാകത്തിലും പരിസരപ്രദേശങ്ങളിലും ഊർജ്ജിതമായ തിരച്ചിൽ തുടരുന്നു. സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഈ വിഷയത്തിൽ ഇടപെടുകയും സാകേതിൻ്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്.
ഐഐടി മദ്രാസിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ സാകേത്, യുസി ബെർക്ക്‌ലിയിൽ കെമിക്കൽ ആൻഡ് ബയോമോളിക്യുലർ എഞ്ചിനീയറിംഗിൽ മാസ്റ്റേഴ്സ് ബിരുദത്തിന് പഠിക്കുകയായിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പ്രാദേശിക പൊലീസിനെയോ കോൺസുലേറ്റിനെയോ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
Search for missing Indian student in California enters fifth day.















