ഇറാനിൽ തകർന്നുവീണ യുഎസ് യുദ്ധവിമാനത്തിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനെയും രക്ഷപ്പെടുത്തി; അതിസാഹസികമായ നീക്കമെന്ന് അമേരിക്ക, ഞങ്ങൾക്ക് അവനെ കിട്ടിയെന്ന് ട്രംപ്

വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാനിൽ തകർന്നു വീണ യുഎസ് എഫ്-15ഇ യുദ്ധവിമാനത്തിലെ കാണാതായ രണ്ടാമത്തെ ക്രൂ അംഗത്തെയും അമേരിക്കൻ സൈന്യം അതിസാഹസികമായി രക്ഷപ്പെടുത്തി. ഇതോടെ വിമാനത്തിലുണ്ടായിരുന്ന രണ്ട് വൈമാനികരും സുരക്ഷിതരായി തിരിച്ചെത്തിയതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രി വൈകി നടന്ന അതീവ അപകടകരമായ രക്ഷാപ്രവർത്തനത്തിലൂടെയാണ് വെപ്പൺ സിസ്റ്റംസ് ഓഫീസറെ (WSO) ഇറാനിയൻ മണ്ണിൽ നിന്ന് പുറത്തെത്തിച്ചത്.

വെള്ളിയാഴ്ച വിമാനം തകർന്ന ഉടനെ തന്നെ പൈലറ്റിനെ രക്ഷപ്പെടുത്താൻ സാധിച്ചിരുന്നു. എന്നാൽ രണ്ടാമത്തെ ഉദ്യോഗസ്ഥനായ വെപ്പൺ സിസ്റ്റംസ് ഓഫീസർക്കായി മണിക്കൂറുകൾ നീണ്ട തിരച്ചിലാണ് നടന്നത്. ഇദ്ദേഹത്തെ കണ്ടെത്താനായി ഇറാനിയൻ സൈന്യം പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തുന്നതിനിടെയാണ് യുഎസ് സ്പെഷ്യൽ ഫോഴ്സ് ഇടപെട്ടത്.

രക്ഷാപ്രവർത്തനത്തിനിടെ പ്രദേശത്ത് അതിശക്തമായ ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്ടുകളുണ്ട്. ഇറാനിയൻ സൈന്യത്തിൻ്റെ കണ്ണുവെട്ടിച്ച്, ഹെലികോപ്റ്ററുകളുടെയും സ്പെഷ്യൽ ഫോഴ്സിൻ്റെയും സഹായത്തോടെയാണ് ഉദ്യോഗസ്ഥനെ മോചിപ്പിച്ചത്. രക്ഷപ്പെടുത്തിയ ഉദ്യോഗസ്ഥനെ നിലവിൽ കുവൈറ്റിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന് പരിക്കുകളുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ട്രംപ് അറിയിച്ചു. “ഞങ്ങൾ അവനെ തിരികെ ലഭിച്ചു” (WE GOT HIM!) എന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ധീരമായ തിരച്ചിൽ-രക്ഷാ ദൗത്യങ്ങളിലൊന്നാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇറാൻ്റെ വ്യോമാതിർത്തിയിൽ അമേരിക്കയ്ക്ക് വ്യക്തമായ മേൽക്കോയ്മയുണ്ടെന്നും ഒരു അമേരിക്കൻ സൈനികനെയും ശത്രുക്കൾക്ക് വിട്ടുകൊടുക്കില്ലെന്നും ട്രംപ് ആവർത്തിച്ചു.

അഞ്ച് ആഴ്ചയായി തുടരുന്ന യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തിനിടയിലാണ് ഈ സംഭവം. തങ്ങളുടെ പുതിയ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് യുഎസ് വിമാനം വെടിവച്ചിട്ടതാണെന്ന് ഇറാൻ അവകാശപ്പെടുന്നു. എന്നാൽ വിമാനം തകരാനുള്ള കൃത്യമായ കാരണം അമേരിക്ക ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. അതിർത്തി കടന്നുള്ള ഈ രക്ഷാദൗത്യം മേഖലയിൽ പിരിമുറുക്കം വർദ്ധിപ്പിച്ചിട്ടുണ്ട്. എങ്കിലും തങ്ങളുടെ സൈനികർ സുരക്ഷിതമായി തിരിച്ചെത്തിയതിൽ ആശ്വാസമുണ്ടെന്ന് പെൻ്റഗൺ വക്താക്കൾ വ്യക്തമാക്കി.

ഇറാൻ്റെ മലനിരകളിൽ ശത്രുസൈന്യത്തിൻ്റെ നിരീക്ഷണ വലയത്തിലായിരുന്ന വൈമാനികനെ മോചിപ്പിക്കാൻ ഡസൻ കണക്കിന് വിമാനങ്ങളും അത്യാധുനിക ആയുധങ്ങളുമായാണ് യുഎസ് സൈന്യം എത്തിയത്.

Second officer of US fighter jet that crashed in Iran rescued; America calls it a very brave move, Trump says we got him

More Stories from this section

family-dental
witywide