ട്രംപ് ഭരണകൂടത്തിനെതിരെ വിമർശനം, ‘അവർ ഞങ്ങളുടെ മുഖത്ത് നോക്കി നുണ പറഞ്ഞു’; വെനസ്വേല ഓപ്പേറേഷനെതിരെ ഡെമോക്രാറ്റിക് നേതാവ്

വാഷിംഗ്ടൺ: വെനസ്വേലയിൽ നിക്കോളാസ് മഡുറോയെ പിടികൂടാനായി നടത്തിയ സൈനിക നീക്കത്തിൽ ട്രംപ് ഭരണകൂടം കോൺഗ്രസിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് മർഫി ആരോപിച്ചു. ഞായറാഴ്ച “സ്റ്റേറ്റ് ഓഫ് ദി യൂണിയൻ” പരിപാടിയിൽ സംസാരിക്കവെയാണ് മർഫി ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചത്. വെനസ്വേലയിൽ ഭരണമാറ്റം ലക്ഷ്യമിടുന്നില്ലെന്ന് കഴിഞ്ഞ മാസം നടന്ന ബ്രീഫിംഗുകളിൽ ഉന്നത ഉദ്യോഗസ്ഥർ കോൺഗ്രസിനോട് പറഞ്ഞിരുന്നു. എന്നാൽ അത് വെറും നുണയായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമായതായി അദ്ദേഹം പറഞ്ഞു.

“ഇതൊരു മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷൻ മാത്രമാണെന്നാണ് അവർ ഞങ്ങളുടെ മുഖത്ത് നോക്കി പറഞ്ഞത്. എന്നാൽ അവർ അന്ന് പറഞ്ഞത് സത്യമല്ലെന്ന് ആ മുറിയിലുണ്ടായിരുന്നവർക്ക് അപ്പോഴും അറിയാമായിരുന്നു,” മർഫി പറഞ്ഞു. വെനിസ്വേലയുടെ എണ്ണ സമ്പത്തിലും പ്രകൃതി വിഭവങ്ങളിലും കണ്ണുവെച്ചാണ് ട്രംപിന്റെ ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. റഷ്യയിലും മിഡിൽ ഈസ്റ്റിലും ഇപ്പോൾ വെനിസ്വേലയിലും ട്രംപ് സ്വീകരിക്കുന്ന വിദേശനയം തന്റെ സുഹൃത്തുക്കൾക്കും വാൾസ്ട്രീറ്റിലെ എണ്ണക്കമ്പനികൾക്കും പണമുണ്ടാക്കി നൽകാൻ വേണ്ടിയാണെന്ന് മർഫി കുറ്റപ്പെടുത്തി.

കോൺഗ്രസിന്‍റെ അനുമതിയില്ലാതെ മറ്റൊരു രാജ്യത്ത് സൈനിക നീക്കം നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ വെനസ്വേലയിൽ നടന്ന കാര്യങ്ങളെക്കുറിച്ചോ ഭാവി പദ്ധതികളെക്കുറിച്ചോ കോൺഗ്രസിന് ഔദ്യോഗികമായ വിശദീകരണം നൽകാൻ ഭരണകൂടം തയ്യാറായിട്ടില്ല. അമേരിക്കയുടെ സുരക്ഷയെ ഒരു തരത്തിലും ബാധിക്കാത്ത ഈ വിഷയത്തിൽ സൈന്യത്തെ ഉപയോഗിച്ചത് തെറ്റായ കീഴ്‌വഴക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കോൺഗ്രസിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നാണ് സൂചന.

More Stories from this section

family-dental
witywide