സെനറ്റിൽ 50-50, ട്രംപിന് തുണയായി വാൻസിന്‍റെ നിർണായക വോട്ട്; വെനിസ്വേലയിൽ സൈനിക നീക്കം തടയാനുള്ള നീക്കം പരാജയപ്പെട്ടു

വാഷിംഗ്ടൺ: വെനിസ്വേലയിൽ കോൺഗ്രസിന്‍റെ മുൻകൂർ അനുമതിയില്ലാതെ കൂടുതൽ സൈനിക നടപടികൾ നടത്തുന്നതിൽ നിന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ തടയാനുള്ള നീക്കം യുഎസ് സെനറ്റിൽ പരാജയപ്പെട്ടു. നാടകീയമായ വോട്ടെടുപ്പിൽ വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് തന്‍റെ നിർണ്ണായക വോട്ട് രേഖപ്പെടുത്തിയതോടെയാണ് പ്രമേയം തള്ളപ്പെട്ടത്. ഇതോടെ വെനിസ്വേലയിൽ സൈനികാധികാരം ഉപയോഗിക്കുന്നതിൽ ട്രംപിന് മേൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ഡെമോക്രാറ്റുകളുടെ ശ്രമം വിഫലമായി.

കഴിഞ്ഞ ആഴ്ച നടന്ന പ്രാഥമിക വോട്ടെടുപ്പിൽ അഞ്ച് റിപ്പബ്ലിക്കൻ സെനറ്റർമാർ പ്രമേയത്തെ പിന്തുണച്ചിരുന്നു. എന്നാൽ ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും നടത്തിയ ശക്തമായ സമ്മർദ്ദത്തിനൊടുവിൽ രണ്ട് റിപ്പബ്ലിക്കൻ സെനറ്റർമാർ അവസാന നിമിഷം നിലപാട് മാറ്റി. ഇതാണ് വോട്ടെടുപ്പ് 50-50 എന്ന നിലയിൽ സമനിലയിലാകാൻ കാരണമായത്.

മിസോറിയിൽ നിന്നുള്ള ജോഷ് ഹാവ്ലി, ഇന്ത്യാനയിൽ നിന്നുള്ള ടോഡ് യംഗ് എന്നീ റിപ്പബ്ലിക്കൻ സെനറ്റർമാരാണ് നിലപാട് മാറ്റിയത്. വെനിസ്വേലയിൽ നിലവിൽ കരസേനയെ വിന്യസിച്ചിട്ടില്ലെന്നും ഭാവിയിൽ വലിയ നീക്കങ്ങൾ നടത്തുന്നതിന് മുൻപ് കോൺഗ്രസിനെ അറിയിക്കാമെന്നും മാർക്കോ റൂബിയോ നൽകിയ ഉറപ്പിന്മേലാണ് ഇവർ പിന്മാറിയത്. സെനറ്റിൽ വോട്ടുകൾ തുല്യമായി വന്നതോടെ (50-50), വൈസ് പ്രസിഡന്‍റ് എന്ന നിലയിലുള്ള തന്‍റെ അധികാരം ഉപയോഗിച്ച് ജെ ഡി വാൻസ് ട്രംപ് ഭരണകൂടത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.

തന്റെ അധികാരം പരിമിതപ്പെടുത്താൻ ശ്രമിച്ച റിപ്പബ്ലിക്കൻ സെനറ്റർമാർക്കെതിരെ ട്രംപ് രൂക്ഷമായി പ്രതികരിച്ചു. “ഇത്തരം സെനറ്റർമാർ ഇനി ഒരിക്കലും ജയിക്കാൻ പാടില്ല” എന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി. റാന്‍റ് പോൾ, ലിസ മർക്കോവ്സ്കി, സൂസൻ കോളിൻസ് എന്നീ മൂന്ന് റിപ്പബ്ലിക്കൻ സെനറ്റർമാർ ഇപ്പോഴും പ്രമേയത്തെ പിന്തുണച്ച് ഡെമോക്രാറ്റുകൾക്കൊപ്പം വോട്ട് ചെയ്തു. ഈ വിജയത്തോടെ വെനിസ്വേലയിലെ എണ്ണ ശേഖരം നിയന്ത്രിക്കാനും അവിടുത്തെ ഇടക്കാല സർക്കാരിനെ സഹായിക്കാനും ട്രംപ് ഭരണകൂടത്തിന് കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചിരിക്കുകയാണ്. വെനിസ്വേലൻ എണ്ണപ്പാടങ്ങൾ സംരക്ഷിക്കാൻ സ്വകാര്യ സൈനികരെ നിയോഗിക്കാനുള്ള പദ്ധതിയുമായി ട്രംപ് മുന്നോട്ട് പോകാനാണ് സാധ്യത.

More Stories from this section

family-dental
witywide