
ലണ്ടൻ: നാറ്റോ സഖ്യകക്ഷികളെക്കുറിച്ചും അഫ്ഗാൻ യുദ്ധത്തിലെ അവരുടെ പങ്കിനെക്കുറിച്ചും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി ബ്രിട്ടനിലെ ഹാരി രാജകുമാരൻ രംഗത്തെത്തി. അഫ്ഗാൻ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ത്യാഗങ്ങൾ ആദരവോടെയും സത്യസന്ധമായും പറയപ്പെടേണ്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “ഞാൻ അവിടെ സേവനമനുഷ്ഠിച്ചയാളാണ്. എനിക്ക് അവിടെ ആജീവനാന്ത സുഹൃത്തുക്കളെ ലഭിച്ചു, അതുപോലെ സുഹൃത്തുക്കളെ നഷ്ടപ്പെടുകയും ചെയ്തു. ബ്രിട്ടന്റെ മാത്രം 457 സൈനികരാണ് അവിടെ വീരമൃത്യു വരിച്ചത്,” എന്ന് ഹാരി രാജകുമാരൻ പറഞ്ഞു.
ഈ ത്യാഗങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ബഹുമാനം വേണമെന്ന് അദ്ദേഹം ട്രംപിനെ ഓർമ്മിപ്പിച്ചു. 9/11 ഭീകരാക്രമണത്തിന് ശേഷം ചരിത്രത്തിലാദ്യമായി നാറ്റോയുടെ ‘ആർട്ടിക്കിൾ 5’ പ്രയോഗിച്ചപ്പോൾ അമേരിക്കയെ സഹായിക്കാൻ എല്ലാ സഖ്യകക്ഷികളും ഒപ്പം നിന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “അവർ ആ വിളിക്ക് ഉത്തരം നൽകി” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധമുഖത്ത് സഖ്യകക്ഷികൾ പിന്നിലായിരുന്നു എന്ന ട്രംപിന്റെ വാദം തെറ്റാണെന്നും ചരിത്രവസ്തുതകൾ സത്യസന്ധമായി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ട്രംപിന്റെ പ്രസ്താവന ബ്രിട്ടനിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചിരിക്കുന്നത്. ട്രംപിന്റെ വാക്കുകൾ “അപമാനകരവും ഭയാനകവുമാണെന്ന്” ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രതികരിച്ചു. മരിച്ച സൈനികരുടെ കുടുംബങ്ങളോട് ട്രംപ് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രംപിന്റെ അടുത്ത സുഹൃത്തായ നിഗൽ ഫരാഷ് പോലും “ട്രംപിന് തെറ്റുപറ്റി” എന്ന് പ്രതികരിച്ചു. ഇത് വെറും അഭിപ്രായമല്ല, വസ്തുതയാണെന്നും സൈനികരുടെ ത്യാഗത്തെ തള്ളിക്കളയാനാവില്ലെന്നും ടോറി നേതാവ് കെമി ബേഡനോക്കും പറഞ്ഞു.














