അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലകളിൽ ശക്തമായ ശൈത്യകാല കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും; ന്യൂയോർക്ക് സിറ്റിയിൽ യാത്രാ നിരോധനം, ഞായറാഴ്ച മാത്രം 3,500-ലധികം വിമാനങ്ങൾ റദ്ദാക്കി

വാഷിംഗ്ടൺ: യുഎസിൻ്റെ വടക്കുകിഴക്കൻ മേഖലയിൽ ആഞ്ഞടിക്കുന്ന അതിശക്തമായ ശൈത്യകാല കൊടുങ്കാറ്റിനെ തുടർന്ന് ന്യൂയോർക്ക് സിറ്റിയിൽ പൂർണ്ണ യാത്രാ വിലക്ക് ഏർപ്പെടുത്തി. ഈ പ്രകൃതിക്ഷോഭം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മേഖലയിലുണ്ടായ ഏറ്റവും ശക്തമായ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

ന്യൂയോർക്ക് നഗരത്തിൽ ഞായറാഴ്ച രാത്രി 9 മണി മുതൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി വരെ പൂർണ്ണമായ യാത്രാ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അടിയന്തര വാഹനങ്ങൾക്കൊഴികെ മറ്റെല്ലാ വാഹനങ്ങൾക്കും റോഡുകളിലും പാലങ്ങളിലും നിയന്ത്രണമുണ്ട്.

ന്യൂയോർക്ക്, കണക്റ്റിക്കട്ട്, ഡെലവെയർ, ന്യൂജേഴ്‌സി, റോഡ് ഐലൻഡ് എന്നീ സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഏകദേശം 5.4 കോടി ജനങ്ങളെ ഈ കൊടുങ്കാറ്റ് ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. നഗരത്തിൽ 18 മുതൽ 24 ഇഞ്ച് വരെയും ചിലയിടങ്ങളിൽ 28 ഇഞ്ച് വരെയും മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 70 മൈൽ വരെ വേഗതയുള്ള കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ബ്ലിസാർഡ് (Blizzard) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഞ്ഞുവീഴ്ചയെത്തുടർന്ന് ഞായറാഴ്ച മാത്രം 3,500-ലധികം വിമാന സർവീസുകൾ റദ്ദാക്കി. ന്യൂയോർക്ക് സിറ്റിയിലും ബോസ്റ്റണിലും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 112 കിലോമീറ്റർ വേഗതയിൽ വരെ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മരങ്ങൾ വീഴാനും വൈദ്യുതി ബന്ധം തടസ്സപ്പെടാനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കാനഡയിലെ നോവ സ്കോട്ടിയ ഉൾപ്പെടെയുള്ള കിഴക്കൻ തീരപ്രദേശങ്ങളിലും തിങ്കളാഴ്ച മുതൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏകദേശം ഒരു പതിറ്റാണ്ടിനിടെ അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലയിൽ ഉണ്ടാകുന്ന ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയാണിതെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു. പൗരന്മാരോട് അനാവശ്യ യാത്രകൾ ഒഴിവാക്കാനും സുരക്ഷിതമായി വീടുകളിൽ ഇരിക്കാനും അധികൃതർ നിർദ്ദേശിച്ചു.

കൊടുങ്കാറ്റിന് മുന്നോടിയായി ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ സംസ്ഥാനത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും നാഷണൽ ഗാർഡിലെ 100 ഓളം അംഗങ്ങളെ വിന്യസിക്കുകയും ചെയ്തു. “വർഷങ്ങളായി നമ്മൾ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒന്നായിരിക്കും ഇത്,” അവർ പറഞ്ഞു. “ആളുകൾ ഇരുട്ടിലായേക്കാം (വൈദ്യുതി തടസ്സം). ലോംഗ് ഐലൻഡ്, ന്യൂയോർക്ക് സിറ്റി, ലോവർ ഹഡ്‌സൺ എന്നീ പ്രദേശങ്ങൾ കൊടുങ്കാറ്റിന്റെ നേരിട്ടുള്ള പാതയിലാണ്.”

ന്യൂജേഴ്‌സി ഗവർണർ മിക്കി ഷെറിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകുന്നേരം മുതൽ ബസുകൾ, ലൈറ്റ് റെയിൽ, ആക്‌സസ് ലിങ്ക് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ പൊതുഗതാഗത സേവനങ്ങളും നിർത്തിവെച്ചു. ഇത് “1996-ന് ശേഷമുള്ള ഏറ്റവും മോശമായ കൊടുങ്കാറ്റ്” ആയിരിക്കുമെന്ന് പറഞ്ഞ അവർ, ജനങ്ങളോട് റോഡിലിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കാൻ നിർദ്ദേശിച്ചു.

ന്യൂയോർക്കും ന്യൂജേഴ്‌സിയും ഉൾപ്പെടുന്ന ട്രൈ-സ്റ്റേറ്റ് ഏരിയയുടെ ഭാഗമായ കണക്റ്റിക്കട്ടിൽ, ഗവർണർ നെഡ് ലാമോണ്ട് സംസ്ഥാനത്തെ ഹൈവേകളിലൂടെയുള്ള എല്ലാ വാണിജ്യ വാഹനങ്ങളുടെയും യാത്ര തടഞ്ഞുകൊണ്ട് ഉത്തരവിറക്കി. മസാച്യുസെറ്റ്‌സ്, ഡെലവെയർ, റോഡ് ഐലൻഡ് എന്നീ സംസ്ഥാനങ്ങളും കൊടുങ്കാറ്റിന് മുന്നോടിയായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ബോസ്റ്റണിലും സ്കൂളുകൾക്ക് അവധി നൽകി.

പെൻസിൽവേനിയയിൽ, ഗവർണർ ജോഷ് ഷാപ്പിറോ ദുരന്ത പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കണമെന്ന് ഏജൻസികൾക്ക് നിർദ്ദേശം നൽകിയ അദ്ദേഹം, അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടു.

Severe winter storms and snowfall in the northeastern regions of the United States; Travel ban in New York City

Also Read

More Stories from this section

family-dental
witywide