
അബുദാബി: മിഡിൽ ഈസ്റ്റിൽ യുദ്ധസാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യുഎഇയിൽ നടത്താനിരുന്ന പ്രമുഖ അന്താരാഷ്ട്ര സംഗീത പരിപാടികൾ റദ്ദാക്കി. പോപ്പ് ഗായിക ക്രിസ്റ്റീന അഗീലേരയുടെ സോളോ കോൺസെർട്ടും, വിഖ്യാത താരം ഷക്കീറ മുഖ്യാതിഥിയായി പങ്കെടുക്കാനിരുന്ന പ്രശസ്തമായ ‘ഓഫ്ലിമിറ്റ്സ്’ മ്യൂസിക് ഫെസ്റ്റിവലുമാണ് ഉപേക്ഷിച്ചതായി സംഘാടകർ അറിയിച്ചത്.
കഴിഞ്ഞ മാസം വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതിനെത്തുടർന്ന് മേഖലയിൽ വൻ സുരക്ഷാഭീഷണിയാണ് നിലനിൽക്കുന്നത്. സമീപ ആഴ്ചകളിൽ യുഎഇ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ച യുഎഇക്ക് നേരെ മിസൈൽ ആക്രമണവുമുണ്ടായി. മാസങ്ങൾക്ക് ശേഷമാണ് രാജ്യം ഇത്തരമൊരു ഭീഷണി നേരിടുന്നത്. എന്നാൽ മിസൈലുകൾ കടലിൽ പതിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
ഈ സാഹചര്യത്തിലാണ് നവംബറിൽ നടക്കാനിരുന്ന ഓഫ്ലിമിറ്റ്സ് ഫെസ്റ്റിവൽ മാറ്റിവെക്കാൻ അധികൃതർ തീരുമാനിച്ചത്. പരിപാടിയുടെ ടിക്കറ്റ് എടുത്തവർക്ക് തുക പൂർണ്ണമായും തിരികെ നൽകുമെന്ന് സംഘാടകർ വ്യക്തമാക്കി. എന്നാൽ റദ്ദാക്കാനുള്ള ഔദ്യോഗിക കാരണം വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടില്ല. “2027-ൽ ഓഫ്ലിമിറ്റ്സ് കൂട്ടായ്മയുമായി വീണ്ടും തിരിച്ചെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന് മാത്രമാണ് വെബ്‌സൈറ്റ് സന്ദേശത്തിലുള്ളത്.
സെപ്റ്റംബർ 25-ന് നിശ്ചയിച്ചിരുന്ന ക്രിസ്റ്റീന അഗീലേരയുടെ പരിപാടിയും റദ്ദാക്കിയതായി ടിക്കറ്റ് മാസ്റ്റർ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് എമിറേറ്റ്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Shakira and Christina Aguilera concerts in Abu Dhabi canceled















