ഖത്തറിന് അടുത്ത തിരിച്ചടി, ഗൾഫിലെ യുദ്ധ സാഹചര്യത്തിൽ ഷക്കീറയുടെ സംഗീതനിശയും മാറ്റിവെച്ചു; കലാ-കായിക മാമാങ്കങ്ങൾ പ്രതിസന്ധിയിൽ

ദോഹ: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം മിഡിൽ ഈസ്റ്റിൽ കനത്ത നിഴൽ വീഴ്ത്തിയതോടെ, ഗൾഫ് രാജ്യങ്ങളിൽ നടക്കാനിരുന്ന പ്രമുഖ കലാ-കായിക പരിപാടികൾ കൂട്ടത്തോടെ റദ്ദാക്കുന്നു. ലോകപ്രശസ്ത കൊളംബിയൻ ഗായിക ഷക്കീറയുടെ ഖത്തറിലെ സംഗീതനിശ മാറ്റിവെച്ചതായി ഖത്തർ കലണ്ടർ ഔദ്യോഗികമായി അറിയിച്ചു. ഏപ്രിൽ ഒന്നിന് ദോഹയിൽ നടക്കാനിരുന്ന ഷക്കീറയുടെ വേൾഡ് ടൂർ കൺസേർട്ട് മേഖലയിലെ നിലവിലെ അസ്ഥിരമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് മാറ്റിയത്.

ഷക്കീറയും ജോനാസ് ബ്രദേഴ്സും പങ്കെടുക്കേണ്ടിയിരുന്ന അബുദാബിയിലെ ‘ഓഫ്‌ലിമിറ്റ്സ്’ മ്യൂസിക് ഫെസ്റ്റിവലും നവംബർ മാസത്തേക്ക് നീട്ടിവെച്ചതായി സംഘാടകർ അറിയിച്ചു. വരും ദിവസങ്ങളിൽ ദുബായിലും ബഹ്‌റൈനിലും നടക്കാനിരുന്ന ഗായകൻ ജോഷ് ഗ്രോബന്റെ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കലാസാംസ്കാരിക മേഖലയ്ക്ക് പുറമെ കായിക ലോകത്തും യുദ്ധസമാനമായ സാഹചര്യം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഏപ്രിൽ മാസത്തിൽ ബഹ്‌റൈനിലും സൗദിയിലെ ജിദ്ദയിലും നടക്കേണ്ടിയിരുന്ന രണ്ട് ഫോർമുല വൺ റേസുകളും സംഘാടകർ റദ്ദാക്കി.

ലോകകപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായ അർജന്റീനയും യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനും തമ്മിൽ ഖത്തറിൽ നടക്കാനിരുന്ന ഫുട്ബോൾ പോരാട്ടവും ഉപേക്ഷിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. അമേരിക്ക-ഇറാൻ തർക്കം മുറുകുന്ന പശ്ചാത്തലത്തിൽ വിദേശ താരങ്ങളുടെയും കാണികളുടെയും സുരക്ഷ മുൻനിർത്തിയാണ് ഗൾഫ് രാജ്യങ്ങൾ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. വരും മാസങ്ങളിൽ നടക്കേണ്ട പല അന്താരാഷ്ട്ര പരിപാടികളും സമാനമായ രീതിയിൽ മാറ്റിവെക്കാനോ റദ്ദാക്കാനോ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

More Stories from this section

family-dental
witywide