
മസ്‌കറ്റ്/ഇസ്ലാമാബാദ്: ആഴ്ചകളായി അടച്ചിട്ടിരുന്ന ഹോർമുസ് കടലിടുക്കിലൂടെ കൂടുതൽ കപ്പലുകൾക്ക് ഇറാൻ അനുമതി നൽകിത്തുടങ്ങി. പാകിസ്ഥാൻ പതാകയേന്തിയ 20 കപ്പലുകൾക്ക് കടലിടുക്ക് വഴി കടന്നുപോകാൻ ഇറാൻ അനുമതി നൽകിയതായി പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ അറിയിച്ചു. പ്രതിദിനം രണ്ട് കപ്പലുകൾ വീതം ഈ പാത വഴി കടത്തിവിടുമെന്നും ഇറാന്റെ ഈ നീക്കം സ്വാഗതാർഹമാണെന്നും അദ്ദേഹം ‘എക്സിലൂടെ’ വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ പാകിസ്ഥാൻ മധ്യസ്ഥശ്രമങ്ങൾ നടത്തുന്നതിനിടെയാണ് ഇറാന്റെ ഈ നിർണ്ണായക തീരുമാനം. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഗാലിബാഫ് ആണ് പാകിസ്ഥാൻ കപ്പലുകൾ കടത്തിവിടാൻ അനുമതി നൽകിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. എന്നാൽ ഈ അവകാശവാദത്തോട് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാകിസ്ഥാന് പുറമെ, ചൈനയുടെ രണ്ട് വലിയ കണ്ടെയ്നർ കപ്പലുകളും തിങ്കളാഴ്ച ഹോർമുസ് കടലിടുക്ക് കടന്ന് മലേഷ്യയിലെ പോർട്ട് ക്ലാങ്ങിലേക്ക് പുറപ്പെട്ടതായി ഷിപ്പ് ട്രാക്കിംഗ് സർവീസായ ‘മറൈൻ ട്രാഫിക്’ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയ്ക്കും ഇറാന്റെ ഈ ഇളവ് ഗുണകരമായിട്ടുണ്ട്. ഇന്ത്യയിൽ കടുത്ത ക്ഷാമം നേരിടുന്ന ലിക്വിഡ് പെട്രോളിയം ഗ്യാസ് വഹിച്ചുകൊണ്ടുള്ള രണ്ട് വലിയ ഇന്ത്യൻ കപ്പലുകൾ കഴിഞ്ഞ വാരാന്ത്യത്തിൽ കടലിടുക്ക് കടന്നു. രണ്ടാഴ്ച മുൻപ് ഇന്ത്യയും ഇറാനും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഇസ്രായേൽ, അമേരിക്ക എന്നീ രാജ്യങ്ങളുമായി സഹകരിക്കാത്ത രാഷ്ട്രങ്ങളുടെ കപ്പലുകൾക്ക് നിയന്ത്രണങ്ങളോടെ കടന്നുപോകാമെന്നാണ് ഇറാന്റെ നിലപാട്. കടലിടുക്ക് പൂർണ്ണമായും അടയ്ക്കുന്നതിന് പകരം, തന്ത്രപരമായ സിഗ്നലുകൾ നൽകാനായി തിരഞ്ഞെടുത്ത കപ്പലുകളെ മാത്രം കടത്തിവിടുന്ന ‘കാലിബ്രേറ്റഡ് സ്ട്രാറ്റജി’ ആണ് ഇറാൻ ഇപ്പോൾ പയറ്റുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.














