‘ആദ്യം വെടിവയ്ക്കും, പിന്നീട് ചോദ്യങ്ങൾ ചോദിക്കും’: ഗ്രീൻലാൻഡിൽ കണ്ണുവെച്ച യുഎസിന് ഡെന്മാർക്കിൻ്റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ: ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ അമേരിക്ക സൈനിക നീക്കം നടത്തിയാൽ ശക്തമായി നേരിടുമെന്ന് ഡെന്മാർക്ക് മുന്നറിയിപ്പ് നൽകി. ഡാനിഷ് സൈന്യത്തിന് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പ്രകാരം ഏതെങ്കിലും രാജ്യം ഗ്രീൻലാൻഡിനെ ആക്രമിച്ചാൽ ‘ആദ്യം വെടിവയ്ക്കുകയും പിന്നീട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുക’ എന്ന നിലപാടായിരിക്കും സ്വീകരിക്കുകയെന്ന് ഡെന്മാർക്ക് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് ഡെന്മാർക്കിന്റെ കീഴിലുള്ള സ്വയംഭരണ പ്രദേശമാണ്. അവിടുത്തെ വിദേശ, പ്രതിരോധ കാര്യങ്ങൾ നിയന്ത്രിക്കുന്നത് ഡെന്മാർക്കാണ്.

ശത്രുസൈന്യം രാജ്യത്തെ ആക്രമിച്ചാൽ രാഷ്ട്രീയ അനുമതിക്കോ മേലുദ്യോഗസ്ഥരുടെ ഉത്തരവിനോ കാത്തുനിൽക്കാതെ ഉടനടി പ്രത്യാക്രമണം നടത്താൻ സൈന്യത്തിന് അധികാരം നൽകുന്ന 1952-ലെ സൈനിക നിയമം ഇപ്പോഴും നിലവിലുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു ഡെന്മാർക്കിൻ്റെ മുന്നറിയിപ്പ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മനി ഡെന്മാർക്കിനെ ആക്രമിച്ചപ്പോഴത്തെ അനുഭവങ്ങളിൽ നിന്നാണ് ഈ നിയമം രൂപീകരിച്ചത്.

ആർട്ടിക് മേഖലയിലെ സുരക്ഷ കണക്കിലെടുത്ത് ഗ്രീൻലാൻഡ് അമേരിക്കയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിക്കുന്നുണ്ട്. ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക നീക്കമടക്കം പരിഗണനയിലാണെന്ന വൈറ്റ് ഹൗസ് വൃത്തങ്ങളുടെ സൂചനകളാണ് നിലവിലെ തർക്കങ്ങൾക്ക് കാരണം.

ഗ്രീൻലാൻഡ് വിൽപ്പനയ്ക്കുള്ളതല്ലെന്നും ഏതെങ്കിലും നാറ്റോ അംഗരാജ്യം മറ്റൊരു നാറ്റോ അംഗത്തെ ആക്രമിക്കുന്നത് ആ സഖ്യത്തിന്റെ തന്നെ അന്ത്യമായിരിക്കുമെന്നും ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൺ മുന്നറിയിപ്പ് നൽകി. തർക്കം രൂക്ഷമായ സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിനായി ഡെന്മാർക്ക്, ഗ്രീൻലാൻഡ്, അമേരിക്ക എന്നീ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ അടുത്ത ആഴ്ച വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

‘Shoot first, ask questions later’: Denmark warns US over Greenland

More Stories from this section

family-dental
witywide