
വാഷിംഗ്ടൺ: യുഎസിലെ ന്യൂ ഓർലിയാൻസിലെ ചരിത്രപ്രസിദ്ധമായ ഡൂക്കി ചേസ് റസ്റ്റോറന്റിലുണ്ടായ വെടിവെപ്പിൽ 19 വയസ്സുകാരൻ കൊല്ലപ്പെടുകയും മൂന്ന് സ്ത്രീകൾക്ക് പരിക്കേൽക്കുകയും ചെയ്തു. കരീം ഹാരിസ് ആണ് കൊല്ലപ്പെട്ടത്.
അക്രമി പിന്തുടർന്നതിനെത്തുടർന്ന് കരീം ഹാരിസ് രക്ഷപ്പെടാനായി റസ്റ്റോറന്റിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നാലെയെത്തിയ അക്രമി റസ്റ്റോറന്റിന്റെ മുൻവശത്തുവെച്ച് വെടിയുതിർത്തു. വെടിയേറ്റ ഹാരിസ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭക്ഷണത്തിനായി കാത്തിരിക്കുകയായിരുന്ന മൂന്ന് ടൂറിസ്റ്റുകൾക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരിൽ രണ്ട് സ്ത്രീകൾ ലോസ് ഏഞ്ചൽസിൽ നിന്നും ഒരാൾ ഫ്ലോറിഡയിൽ നിന്നും എത്തിയവരാണ്.
കറുത്ത ഹുഡി ധരിച്ച ഒരാളാണ് വെടിവെപ്പ് നടത്തിയത്. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 13,500 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
സിവിൽ റൈറ്റ്‌സ് പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള ഡൂക്കി ചേസ് റസ്റ്റോറന്റ് ന്യൂ ഓർലിയാൻസിലെ ഒരു പ്രധാന ചരിത്ര സ്മാരകം കൂടിയാണ്. റസ്റ്റോറൻ്റോ അവിടെയുള്ള സന്ദർശകരോ അക്രമിയുടെ ലക്ഷ്യമായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.
Shooting at famous New Orleans restaurant: One dead, three injured.













