
വാഷിംഗ്ടൺ: അമേരിക്കയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള സംസ്ഥാനമായ റോഡ് ഐലൻഡിലെ പവ്ടക്കറ്റിലുള്ള ഐസ് സ്കേറ്റിംഗ് റിങ്കിൽ തിങ്കളാഴ്ച ഉണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഒരു ഹൈസ്കൂൾ ഹോക്കി മത്സരത്തിനിടെയാണ് ഈ ദാരുണമായ സംഭവം നടന്നത്.
പവ്ടക്കറ്റിലെ ഡെന്നിസ് എം. ലിഞ്ച് അരീന എന്ന സ്കേറ്റിംഗ് റിങ്കിൽ വെച്ചാണ് വെടിവയ്പ്പുണ്ടായത്. രണ്ട് പേരും സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. കൂടാതെ, തോക്കുധാരിയെന്ന് സംശയിക്കുന്ന വ്യക്തി സ്വയം വെടിവെച്ച് മരിച്ചതായും പൊലീസ് അറിയിച്ചു. ഗുരുതര പരുക്കേറ്റവ മൂന്ന് പേരെ റോഡ് ഐലൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്നും ഒരു കുടുംബ തർക്കത്തിൽ നിന്നാണ് ഉണ്ടായതെന്നും പൊലീസ് പ്രാഥമികമായി കരുതുന്നു. ആക്രമണകാരി സ്വന്തം കുടുംബാംഗങ്ങളെയാണ് ലക്ഷ്യം വെച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മത്സരം കണ്ടുകൊണ്ടിരുന്ന കളിക്കാരും കാണികളും വെടിയൊച്ച കേട്ട് പരിഭ്രാന്തരായി ഓടുകയും സമീപത്തെ കടകളിൽ അഭയം തേടുകയും ചെയ്തു.
പൊലീസും എഫ്.ബി.ഐയും സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. നിലവിൽ പൊതുജനങ്ങൾക്ക് മറ്റ് സുരക്ഷാ ഭീഷണികളില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Shooting at ice skating rink in Rhode Island, US: 2 people killed; several injured, attacker shoots himself dead















