ChatGPT വഴി വെടിവയ്പ്പ് ആസൂത്രണം ചെയ്തു; OpenAI-ക്കെതിരെ ക്രിമിനൽ അന്വേഷണവുമായി ഫ്ലോറിഡ, പ്രതിക്ക് ‘കൊലപാതക ഉപദേശം’ നൽകിയെന്ന് ആരോപണം

ഫ്ലോറിഡ: ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ കഴിഞ്ഞ ഏപ്രിലിൽ നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് ചാറ്റ്ജിപിടിയുടെ നിർമ്മാതാക്കളായ ഓപ്പൺ എഐക്കെതിരെ ഫ്ലോറിഡ സർക്കാർ ക്രിമിനൽ അന്വേഷണം ആരംഭിച്ചു. രണ്ട് പേരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ ആക്രമണം ആസൂത്രണം ചെയ്യാൻ ചാറ്റ്ജിപിടി പ്രതിയെ സഹായിച്ചുവെന്നാണ് കണ്ടെത്തൽ.

അക്രമിയായ ഫീനിക്സ് ഇക്നർ എന്ന ഇരുപതുകാരൻ, വെടിവയ്പ്പിന് മുൻപ് ചാറ്റ്ജിപിടിയുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ആക്രമണം നടത്തേണ്ട കൃത്യമായ സ്ഥലം കണ്ടെത്താനും, തോക്കുകളെക്കുറിച്ചും വെടിയുണ്ടകളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കാനും എഐ പ്രതിയെ സഹായിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഏത് തരം തോക്ക് ഉപയോഗിക്കണം, കുറഞ്ഞ ദൂരത്തുനിന്ന് വെടിവച്ചാൽ അത് എത്രത്തോളം ഫലപ്രദമാകും തുടങ്ങിയ കാര്യങ്ങളിൽ ചാറ്റ്ജിപിടി പ്രതിക്ക് കൃത്യമായ ഉപദേശങ്ങൾ നൽകിയതായി അന്വേഷണസംഘം കണ്ടെത്തി. വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ ഒത്തുകൂടുന്ന സമയം ഏതാണെന്നും എഫ്‌എസ്‌യു സ്റ്റുഡന്റ് യൂണിയനിൽ ആക്രമണം നടത്തിയാൽ മാധ്യമശ്രദ്ധ ലഭിക്കുമോ എന്നും പ്രതി ചാറ്റ്ബോട്ടുമായി ചർച്ച ചെയ്തിരുന്നു.

ഒരു ക്രിമിനൽ കേസിൽ ആയുധം നൽകിയ ആൾക്കെതിരെ എടുക്കുന്നതിന് സമാനമായ ഗൗരവത്തോടെയാണ് ഓപ്പൺ എഐക്കെതിരെയും അന്വേഷണം നടക്കുന്നത്. ചാറ്റ്ജിപിടി ഒരു മനുഷ്യനായിരുന്നെങ്കിൽ കൊലപാതക ഗൂഢാലോചന കുറ്റം ചുമത്തുമായിരുന്നുവെന്ന് ഫ്ലോറിഡ അറ്റോർണി ജനറൽ ജെയിംസ് ഉത്മിയർ വ്യക്തമാക്കി.

ഫീനിക്സ് ഇക്നർ (20) എന്ന യുവാവാണ് കേസിലെ പ്രതി. ഇയാൾക്കെതിരെ രണ്ട് കൊലപാതക കുറ്റങ്ങളും ഏഴ് വധശ്രമ കേസുകളും ചുമത്തിയിട്ടുണ്ട്. ഒക്ടോബറിൽ ഇയാളുടെ വിചാരണ ആരംഭിക്കും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനങ്ങൾ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കപ്പെടുമ്പോൾ അതിൻ്റെ നിർമ്മാതാക്കൾക്ക് എത്രത്തോളം ക്രിമിനൽ ഉത്തരവാദിത്തമുണ്ടെന്ന് നിശ്ചയിക്കുന്നതിൽ ഈ കേസ് നിർണ്ണായകമാകും.

എന്നാൽ, തങ്ങളുടെ സാങ്കേതികവിദ്യ തെറ്റായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ കർശനമായ നിയന്ത്രണങ്ങളുണ്ടെന്നും, സംഭവത്തിൽ ഖേദമുണ്ടെന്നും കമ്പനി അറിയിച്ചു. ക്രിമിനൽ അന്വേഷണത്തിന് പുറമെ, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ വൻ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനിക്കെതിരെ സിവിൽ കേസുകളും ഫയൽ ചെയ്തിട്ടുണ്ട്.

കൃത്രിമബുദ്ധി സംവിധാനങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിൽ സാങ്കേതിക കമ്പനികൾക്ക് എത്രത്തോളം ഉത്തരവാദിത്തമുണ്ടെന്ന കാര്യത്തിൽ ലോകമെമ്പാടും വലിയ ചർച്ചകൾക്ക് ഈ കേസ് വഴിതുറന്നിരിക്കുകയാണ്.

Shooting planned via ChatGPT; Florida launches criminal investigation against OpenAI

More Stories from this section

family-dental
witywide