കനത്ത പ്രഹരം, അപ്രതീക്ഷിത തിരിച്ചടിയിൽ പകച്ച് ട്രംപ്; കാനഡയ്ക്കെതിരായ നികുതി പിൻവലിക്കാൻ വോട്ട് ചെയ്ത് ആറ് റിപ്പബ്ലിക്കൻ എംപിമാർ

വാഷിംഗ്ടൺ: സ്വന്തം പാർട്ടിയിലെ ആറ് അംഗങ്ങൾ തന്നെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ തിരിഞ്ഞതോടെ, കാനഡയിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക നികുതി പിൻവലിക്കാനുള്ള പ്രമേയം അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി. 211-നെതിരെ 219 വോട്ടുകൾക്കാണ് പ്രമേയം പാസ്സായത്. ട്രംപിന്റെ രണ്ടാം ഊഴത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക നയങ്ങളിലൊന്നിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുതന്നെയുണ്ടായ ഈ നീക്കം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ഫെന്റനൈൽ മരുന്നുകളുടെ കടത്ത് തടയാൻ കാനഡ പരാജയപ്പെടുന്നു എന്ന് ആരോപിച്ചാണ് ട്രംപ് കാനഡയ്ക്കെതിരെ ‘ദേശീയ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ച് നികുതി ഏർപ്പെടുത്തിയത്. എന്നാൽ ഈ നയം അമേരിക്കയിലെ സാധനസാമഗ്രികളുടെ വില വർദ്ധിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയത്തെ ആറ് റിപ്പബ്ലിക്കൻ എം.പിമാർ പിന്തുണച്ചു.

ട്രംപിനെതിരെ വോട്ട് ചെയ്ത റിപ്പബ്ലിക്കൻ പ്രതിനിധികൾ:

തോമസ് മാസ്സി (കെന്റക്കി)

ഡോൺ ബേക്കൺ (നെബ്രാസ്ക)

കെവിൻ കിലി (കാലിഫോർണിയ)

ജെഫ് ഹർഡ് (കൊളറാഡോ)

ബ്രയാൻ ഫിറ്റ്‌സ്‌പാട്രിക് (പെൻസിൽവാനിയ)

ഡാൻ ന്യൂഹൗസ് (വാഷിംഗ്ടൺ)

തന്റെ നയങ്ങളെ എതിർക്കുന്ന റിപ്പബ്ലിക്കൻമാർ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇവർക്കെതിരെ പുതിയ സ്ഥാനാർത്ഥികളെ ഇറക്കുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പ് നൽകി. “താരിഫുകൾ നമുക്ക് സാമ്പത്തികവും ദേശീയവുമായ സുരക്ഷ നൽകുന്നു. അത് തകർക്കുന്ന ഒരു റിപ്പബ്ലിക്കനും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല,” ട്രംപ് കുറിച്ചു.

പ്രമേയം സഭ പാസാക്കിയെങ്കിലും അത് നിയമമാകാൻ സെനറ്റിന്റെ അംഗീകാരവും പ്രസിഡന്റിന്റെ ഒപ്പും ആവശ്യമാണ്. തന്റെ നയത്തിനെതിരെയുള്ള പ്രമേയം ട്രംപ് വീറ്റോ ചെയ്യാൻ സാധ്യതയുള്ളതിനാൽ ഇത് നിലവിൽ ഒരു പ്രതീകാത്മകമായ നടപടി മാത്രമായി തുടരാനാണ് സാധ്യത. എങ്കിലും വരും ആഴ്ചകളിൽ മെക്സിക്കോയ്‌ക്കെതിരായ നികുതി പിൻവലിക്കാനും ഡെമോക്രാറ്റുകൾ നീക്കം നടത്തുന്നുണ്ട്.

More Stories from this section

family-dental
witywide