ന്യൂജേഴ്‌സിയിൽ അടിയന്തര ലാൻഡിംഗിനിടെ ജെറ്റ് ബ്ലൂ വിമാനത്തിൻ്റെ കോക്പിറ്റിലും ക്യാബിനിലും പുക, യാത്രക്കാരെ അതിവേഗത്തിലൊഴിപ്പിച്ചു; എല്ലാ വിമാന സർവ്വീസുകളും താത്ക്കാലികമായി നിർത്തിവെച്ചു

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ ന്യൂവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര സാഹചര്യം. ബുധനാഴ്ച വൈകുന്നേരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ജെറ്റ് ബ്ലൂ ഫ്ലൈറ്റ് 543 വിമാനം എൻജിൻ തകരാറിനെത്തുടർന്ന് ഉടൻ തന്നെ തിരിച്ചിറക്കിയതായി പോർട്ട് അതോറിറ്റി ഓഫ് ന്യൂയോർക്ക് ആൻഡ് ന്യൂജേഴ്‌സി അറിയിച്ചു. ഇതോടെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും എമർജൻസി സ്ലൈഡുകൾ വഴി യാത്രക്കാരെ ഒഴിപ്പിക്കുകയുമായിരുന്നു.

ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലേക്ക് പോകാനിരുന്ന ജെറ്റ് ബ്ലൂ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം പറന്നുയർന്ന ഉടൻ തന്നെ എഞ്ചിൻ തകരാർ റിപ്പോർട്ട് ചെയ്യപ്പെടുകയും വിമാനം തിരിച്ചിറക്കുകയും ചെയ്തു. വിമാനം ടാക്സിവേയിലേക്ക് മാറ്റുന്നതിനിടെ കോക്പിറ്റിലും ക്യാബിനിലും പുക പടർന്നതാണ് അടിയന്തരമായി യാത്രക്കാരെ ഒഴിപ്പിക്കാൻ കാരണമായത്.

വിമാനത്തിലുണ്ടായിരുന്ന 122 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ആർക്കും പരിക്കുകളില്ല. നെഞ്ചുവേദന അനുഭവപ്പെട്ട ഒരു യാത്രക്കാരനെ മാത്രം മുൻകരുതൽ എന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് എയർപോർട്ടിൽ ഏകദേശം ഒരു മണിക്കൂറോളം ‘ഗ്രൗണ്ട് സ്റ്റോപ്പ്’ ഏർപ്പെടുത്തി വിമാന സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചു.

രാത്രി 7:00 മണിയോടെ വിമാനത്താവളത്തിൻ്റെ പ്രവർത്തനം സാധാരണ നിലയിലായി. എങ്കിലും പല വിമാനങ്ങളും 90 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ വൈകിയാണ് സർവീസ് നടത്തിയത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) ഈ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Smoke filled the cockpit and cabin of a JetBlue flight during an emergency landing in New Jersey, prompting the evacuation of passengers.

More Stories from this section

family-dental
witywide