
കാലിഫോർണിയ: കാലിഫോർണിയയിലെ ലേക്ക് താഹോ മേഖലയിലുണ്ടായ മഞ്ഞുവീഴ്ചയിൽ പത്ത് സ്കീയിംഗ് താരങ്ങളെ കാണാതായി. ആറ് പേർ അപകടസ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണെന്നും അവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ട്രക്കി നഗരത്തിന് സമീപമുള്ള കാസിൽ പീക്ക് പ്രദേശത്ത് പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 11:30-ഓടെയാണ് അപകടമുണ്ടായതെന്ന് നെവാഡ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. നാല് ഗൈഡുകളടക്കം 16 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. സമീപത്തെ രണ്ട് സ്കീ റിസോർട്ടുകളിൽ നിന്നുള്ള വിദഗ്ധരായ രക്ഷാപ്രവർത്തകരും സ്നോക്യാറ്റ് വാഹനങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ 46 രക്ഷാപ്രവർത്തകർ സ്ഥലത്തുണ്ട്.
സംഘത്തിലെ ആറ് പേർ സുരക്ഷിതരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥ മോശമായതിനാൽ അവരോട് നിലവിലുള്ള സ്ഥലത്ത് തന്നെ അഭയം പ്രാപിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്. മേഖലയിൽ ശക്തമായ മഞ്ഞുവീഴ്ചയും കാറ്റും തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30 ഇഞ്ചോളം മഞ്ഞാണ് ഇവിടെ വീണത്. സീറ അവലാഞ്ച് സെന്റർ ഈ മേഖലയിൽ അപകടസാധ്യത ‘ഹൈ’ (High – 4/5) ആയി രേഖപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ വരെ കൂടുതൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ ഇവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ചു.
മോശം കാലാവസ്ഥയെത്തുടർന്ന് ഇൻ്റർസ്റ്റേറ്റ് 80, ഹൈവേ 50 എന്നിവയുൾപ്പെടെയുള്ള പ്രധാന പാതകൾ അടച്ചിട്ടിരിക്കുകയാണ്. സമീപത്തെ ബോറിയൽ മൗണ്ടൻ സ്കീ റിസോർട്ടും പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.
Snowfall in California: Ten skiers missing, rescue efforts continue















