
വാഷിംഗ്ടൺ: ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുടെ അമ്മയും പ്രശസ്ത ചലച്ചിത്ര സംവിധായികയുമായ ഇന്ത്യൻ വംശജ മീരാ നായരുടെ പേരും പുതുതായി പുറത്തുവിട്ട ജെഫ്രി എപ്‌സ്റ്റീൻ ഫയലുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്.
2009 ഒക്ടോബറിൽ പബ്ലിസിസ്റ്റ് പെഗ്ഗി സീഗൽ എപ്‌സ്റ്റീന് അയച്ച ഒരു ഇമെയിലിലാണ് മീരാ നായരുടെ പേരുള്ളത്. മീരാ നായർ സംവിധാനം ചെയ്ത ‘അമേലിയ’ (Amelia) എന്ന സിനിമയുടെ പ്രദർശനത്തിന് ശേഷം ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിൻ്റെ വീട്ടിൽ നടന്ന ഒരു വിരുന്നിൽ മീര പങ്കെടുത്തതായാണ് ഇമെയിലിൽ സൂചിപ്പിക്കുന്നത്. മുൻ അമേരിക്കൻ പ്രസിഡൻ്റ് ബിൽ ക്ലിന്റൺ, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് എന്നിവരും ഈ വിരുന്നിൽ പങ്കെടുത്തതായി രേഖകൾ വ്യക്തമാക്കുന്നു.
അതേസമയം, മീരാ നായർക്കെതിരെ ഈ രേഖകളിൽ യാതൊരുവിധ കുറ്റാരോപണങ്ങളും ഉന്നയിച്ചിട്ടില്ല. സാമൂഹികമായ ഒരു ഒത്തുചേരലിൽ പങ്കെടുത്ത വ്യക്തി എന്ന നിലയിൽ മാത്രമാണ് ഇവരുടെ പേര് പരാമർശിക്കപ്പെട്ടിട്ടുള്ളത്. “ഗിസ്‌ലെയ്‌ന്റെ ടൗൺ ഹൗസിൽ നിന്ന് ഇറങ്ങിയതേയുള്ളൂ… സിനിമയുടെ ആഫ്റ്റർ പാർട്ടിയായിരുന്നു. ബിൽ ക്ലിൻ്റണും ജെഫ് ബെസോസും അവിടെ ഉണ്ടായിരുന്നു… ജീൻ പിഗോണി, സംവിധായിക മീര നായർ…. തുടങ്ങിയവരുമുണ്ടായിരുന്നു,” ഇമെയിലിൽ പറയുന്നു. മീര നായരുടെ സിനിമയോടുള്ള അതിഥികളുടെ പ്രതികരണം “തണുപ്പൻ” ആയിരുന്നുവെന്നും ഇമെയിൽ വിവരിക്കുന്നു.
ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനെ സംബന്ധിച്ച 2,000 വീഡിയോകളും 1,80,000 ചിത്രങ്ങളും ഉൾപ്പെടെ മുപ്പത് ലക്ഷത്തിലധികം പേജുകളുള്ള രേഖകൾ യുഎസ് നീതിന്യായ വകുപ്പ് വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു.
Sohran Mamdani’s mother, filmmaker Mira Nair, also named in Epstein files.















