
മാഡ്രിഡ്: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ നിലനിൽക്കുന്ന സാഹചര്യത്തിൽ, സമാധാനത്തിനായുള്ള ഒരു സാധ്യത തെളിഞ്ഞുവരുന്നതിനാൽ ടെഹ്‌റാനിലെ തങ്ങളുടെ എംബസി വീണ്ടും തുറക്കുകയാണെന്ന് സ്പെയിൻ പ്രഖ്യാപിച്ചു. സ്പാനിഷ് വിദേശകാര്യമന്ത്രി ജോസ് മാനുവൽ ആൽബറസ് വ്യാഴാഴ്ച പാർലമെന്റ് അംഗങ്ങളെ അറിയിച്ചതാണിത്. സംഘർഷം ആരംഭിച്ചത് മുതൽ ഇറാനിലെ അമേരിക്കൻ സൈനിക നടപടികളുടെ കടുത്ത വിമർശകരായി സ്പെയിൻ മാറിയിരുന്നു. ആക്രമണങ്ങൾക്കായി തങ്ങളുടെ സൈനിക താവളങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വാഷിംഗ്ടണിനെ വിലക്കിയ സ്പെയിൻ, മറ്റ് യൂറോപ്യൻ സഖ്യകക്ഷികളെക്കാൾ ശക്തമായ നിലപാടാണ് ഈ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ളത്.
ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾ അത്യന്തം അപകടകരവും നിയമവിരുദ്ധവുമാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആവർത്തിച്ചു. ലോകത്തിന് ദോഷകരമായ ഇത്തരം പ്രവൃത്തികളിൽ തങ്ങൾ പങ്കാളികളാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇറാനിലേക്ക് അംബാസഡറെ തിരിച്ചയക്കാനുള്ള മാഡ്രിഡിന്റെ തീരുമാനത്തിനെതിരെ ഇസ്രായേൽ രംഗത്തെത്തി. സ്പെയിൻ ഭീകരഭരണകൂടവുമായി കൈകോർക്കുകയാണെന്ന് ഇസ്രായേൽ വിദേശകാര്യമന്ത്രി ഗിദിയോൻ സാർ കുറ്റപ്പെടുത്തി. സ്പെയിനിന്റെ ഈ നീക്കം നയതന്ത്ര തലത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.















