
മാഡ്രിഡ്: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട നിലപാടുകളുടെ പേരിൽ സ്പെയിനുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് ശക്തമായ മറുപടിയുമായി സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. നിലവിലെ സംഘർഷങ്ങളിൽ സ്പെയിനിന്റെ നിലപാട് വ്യക്തവും സുതാര്യവുമാണെന്നും ഉക്രൈൻ, ഗാസ യുദ്ധങ്ങളിൽ സ്വീകരിച്ച അതേ നിലപാടിൽ തന്നെ രാജ്യം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഓഫീസിൽ നിന്ന് പുറത്തുവിട്ട ഔദ്യോഗിക വീഡിയോ സന്ദേശത്തിലൂടെയാണ് സ്പെയിൻ പ്രധാനമന്ത്രി ട്രംപിന് മറുപടി നൽകിയത്.
യുദ്ധത്തോടുള്ള സ്പെയിൻ സർക്കാരിന്റെ നിലപാടിനെ ‘യുദ്ധം അരുത്’ എന്ന ഒറ്റ വാക്കിൽ സംഗ്രഹിക്കാമെന്ന് സാഞ്ചസ് പറഞ്ഞു. സാധാരണക്കാരെയും ദുർബലരെയും സംരക്ഷിക്കുന്ന അന്താരാഷ്ട്ര നിയമ വ്യവസ്ഥകൾ തകരുന്നത് അംഗീകരിക്കാനാവില്ലെന്നും ബോംബാക്രമണങ്ങളിലൂടെയും സായുധ പോരാട്ടങ്ങളിലൂടെയും ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാനപരമായ ചർച്ചകളിലൂടെ മാത്രമേ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ എന്ന നിലപാടാണ് സ്പെയിൻ ഉയർത്തിപ്പിടിക്കുന്നത്.
കഴിഞ്ഞ ദിവസം ഓവൽ ഓഫീസിൽ ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഡോണൾഡ് ട്രംപ് സ്പെയിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. സ്പെയിനിന്റെ നിലപാട് ഭീകരമാണെന്നും രാജ്യവുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും അവസാനിപ്പിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഈ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
അതേസമയം അമേരിക്കയുടെ സാമ്പത്തിക ഭീഷണികൾക്കിടയിൽ അയൽരാജ്യമായ സ്പെയിനിന് പിന്തുണയുമായി ഫ്രാൻസ് രംഗത്തെത്തിയിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സ്പെയിൻ പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സാമ്പത്തികമായ സമ്മർദ്ദ തന്ത്രങ്ങൾ ഉപയോഗിച്ചുള്ള ഭീഷണികളെ യൂറോപ്യൻ ഐക്യത്തോടെ നേരിടുമെന്ന് മാക്രോൺ ഉറപ്പുനൽകിയതായി എലിസി കൊട്ടാരം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു












