പ്രവാസികൾക്ക് ആശ്വാസം, പശ്ചിമേഷ്യയിൽ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു; പ്രത്യേക സർവീസുകൾ ഉടൻ; ടിക്കറ്റ് നിരക്കിൽ ഇരുട്ടടി

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി യുഎഇയിലെ വിമാന കമ്പനികൾ പ്രത്യേക സർവീസുകൾ ആരംഭിക്കുന്നു. എമിറേറ്റ്സ് എയർലൈൻസ് ഉൾപ്പെടെയുള്ളവ ഭാഗികമായി സർവീസ് നടത്തുമെന്ന് യുഎഇ സിവിൽ ഏവിയേഷൻ വിഭാഗം സ്ഥിരീകരിച്ചു. ദുബായ് വിമാനത്താവളവും അൽ മക്തും വിമാനത്താവളവും ഉടൻ തുറക്കാനാണ് നീക്കം. നിലവിൽ ബുക്കിംഗ് ഉള്ളവർക്കും അധികൃതരിൽ നിന്ന് നിർദ്ദേശം ലഭിച്ചവർക്കും മാത്രമായിരിക്കും തുടക്കത്തിൽ യാത്ര ചെയ്യാൻ അനുമതിയുണ്ടാകുക. ഇത് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ യുദ്ധഭീതി ശക്തമായതോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വ്യോമഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. ഇറാൻ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളെത്തുടർന്ന് യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലെ വിമാനത്താവളങ്ങളെല്ലാം നിശ്ചലമായിരുന്നു. മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടി തുടങ്ങിയതോടെയാണ് സ്ഥിതിഗതികൾ വഷളായത്. ഇത് പ്രവാസികളുടെ മടക്കയാത്രയെയും വിനോദസഞ്ചാര മേഖലയെയും ഒരുപോലെ ബാധിച്ചു.

അതേസമയം, യുദ്ധസാഹചര്യം മുതലെടുത്ത് വിമാന നിരക്ക് ക്രമാതീതമായി കുതിച്ചുയരുന്നത് പ്രവാസികൾക്ക് തിരിച്ചടിയാവുകയാണ്. മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് നിലവിൽ 1,30,000 രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. യുഎഇയിൽ നിന്നുള്ള യാത്രക്കാരും ഈ സർവീസിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. വരും ദിവസങ്ങളിൽ കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഒന്നര ലക്ഷം കടക്കുമെന്നാണ് ആശങ്ക. യുദ്ധഭീതിക്കിടെ എങ്ങനെയെങ്കിലും നാട്ടിലെത്താൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ഈ അമിത നിരക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.

Special Flights to Resume Amid Middle East Tensions; Airfares to Kochi Reach Record Highs

More Stories from this section

family-dental
witywide