
വാഷിംഗ്ടൺ: അമേരിക്കയുടെ പകുതിയിലധികം ഭാഗങ്ങളെയും ബാധിച്ചുകൊണ്ട് അതിശക്തമായ ശൈത്യകാല കൊടുങ്കാറ്റ് തുടരുന്നു. മഞ്ഞുവീഴ്ചയും ഐസ് മഴയും രൂക്ഷമായതോടെ ശനിയാഴ്ച പുലർച്ചെ വരെ 18 സംസ്ഥാനങ്ങളിലും തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി.യിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏകദേശം 20 കോടിയിലധികം ആളുകൾ കാലാവസ്ഥാ മുന്നറിയിപ്പിന്റെ പരിധിയിലാണെന്ന് നാഷണൽ വെതർ സർവീസ് അറിയിച്ചു.
നിലവിൽ ഡെലവെയർ, മിസോറി, അർക്കൻസാസ്, ലൂസിയാന, മിസിസിപ്പി, ടെന്നസി, അലബാമ, ജോർജിയ, നോർത്ത് കരോളിന, സൗത്ത് കരോളിന, വിർജീനിയ, ന്യൂയോർക്ക്, കെന്റക്കി, മേരിലാൻഡ്, ന്യൂജേഴ്‌സി, പെൻസിൽവേനിയ, ടെക്സാസ്, കാൻസസ് എന്നീ സംസ്ഥാനങ്ങളിലാണ് അടിയന്തരാവസ്ഥ നിലവിലുള്ളത്. ആർട്ടിക്കിൽ നിന്നുള്ള തണുത്ത വായു എത്തുന്നതോടെ താപനില മൈനസ് 50 ഡിഗ്രി ഫാരൻഹീറ്റ് വരെ താഴാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
ശനിയാഴ്ച മാത്രം അമേരിക്കയിലുടനീളം 2,400-ലധികം വിമാന സർവീസുകൾ റദ്ദാക്കി. റോഡുകളിൽ ഐസ് കട്ടപിടിക്കുന്നത് ഗതാഗതത്തെയും സാരമായി ബാധിച്ചു.
പെൻസിൽവേനിയ ഗവർണർ ജോഷ് ഷാപ്പിറോ സംസ്ഥാനത്തുടനീളം ഡിസാസ്റ്റർ എമർജൻസി പ്രഖ്യാപിച്ചു. ടെക്സാസിൽ 134 കൗണ്ടികളിലും ന്യൂജേഴ്സിയിലെ എല്ലാ കൗണ്ടികളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ കാറ്റും ഐസും കാരണം വൈദ്യുതി ബന്ധം തകരാറിലാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി സംസ്ഥാനങ്ങളെ സഹായിക്കാൻ സജ്ജമാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു.













