മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധം. ഗണേഷ് മന്ത്രി സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, ബിജെപി, യുവജന സംഘടനകൾ എന്നിവർ നടത്തിയ മാർച്ചുകൾ പലയിടത്തും സംഘർഷത്തിൽ കലാശിച്ചു. തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഗതാഗത മന്ത്രിക്ക് പ്രതീകാത്മകമായി വന്ധ്യംകരണ കുത്തിവെപ്പ് നൽകുന്ന പ്രതിഷേധവും ബിജെപി പ്രവർത്തകർ സംഘടിപ്പിച്ചു.
സെക്രട്ടേറിയറ്റിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പത്തനാപുരത്ത് കെഎസ്ആർടിസി ബസ് തടഞ്ഞ കെഎസ്യു പ്രവർത്തകർ “കാലൻകോഴി മന്ത്രിസ്ഥാനത്ത് വേണ്ട” എന്നെഴുതിയ ബാനറുകൾ കെട്ടുകയും കോഴിയുമായി പ്രതിഷേധിക്കുകയും ചെയ്തു. കൽപ്പറ്റയിലും പത്തനാപുരത്തും മന്ത്രിയുടെ കോലം കത്തിച്ച പ്രവർത്തകർ വാഹനങ്ങൾ തടയാൻ ശ്രമിച്ചത് പോലീസുമായുള്ള കയ്യാങ്കളിയിലേക്ക് നീങ്ങി. മന്ത്രിയുടെ ധാർമ്മികത ചോദ്യം ചെയ്യുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്.
ജനപ്രതിനിധി പാലിക്കേണ്ട നിലവാരം പരിശോധിച്ചാൽ ഗണേഷ് കുമാർ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും ഉടൻ രാജി വെക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധം കണക്കിലെടുത്ത് സെക്രട്ടേറിയറ്റ് പരിസരത്തും മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപവും കനത്ത പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. രാഷ്ട്രീയമായി ഏറെ പ്രതിരോധത്തിലായ മന്ത്രിയും സർക്കാരും ഇനിയെന്ത് നിലപാട് സ്വീകരിക്കും എന്നത് കണ്ടറിയണം.
ഗണേഷ് കുമാറിനെതിരെ ഇന്ന് രാവിലെയാണ് പരസ്യമായി ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തിയത്. മന്ത്രിയെ വാളകത്തെ വീട്ടിൽ അതീവ മോശമായ സാഹചര്യത്തിൽ താൻ നേരിട്ടു കണ്ടുവെന്നും അതിന്റെ തെളിവുകൾ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും ബിന്ദു വെളിപ്പെടുത്തി. തനിക്ക് ‘വട്ടാണെന്ന്’ വരുത്തിത്തീർക്കാൻ മന്ത്രി ശ്രമിക്കുന്നതിനാലാണ് ഇപ്പോൾ എല്ലാം തുറന്നു പറയുന്നതെന്നും അവർ വ്യക്തമാക്കി. ദൃശ്യങ്ങൾ പകർത്തിയപ്പോൾ മന്ത്രിയുടെ സ്റ്റാഫുകൾ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും തന്നെ തടയുകയും ചെയ്തെന്നും അവർ വിവരിച്ചു.
Statewide protests erupt demanding K.B. Ganesh Kumar’s resignation after wife’s revelations















