സെൽ അമേരിക്ക ട്രെൻഡ് വീണ്ടും! ട്രംപ്-പവൽ പോര് കടുക്കുമ്പോൾ അമേരിക്കൻ ആസ്തികൾ വിറ്റഴിച്ച് നിക്ഷേപകർ; യുഎസ് ഡോളറിന് ഇടിവ്, റെക്കോർഡിട്ട് സ്വർണ്ണവില

ന്യൂയോർക്ക്: അമേരിക്കൻ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരെ ക്രിമിനൽ അന്വേഷണം ആരംഭിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം ആഗോള നിക്ഷേപകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നു. ഇതേത്തുടർന്ന് തിങ്കളാഴ്ച രാവിലെ യുഎസ് ഓഹരി വിപണിയിലും ഡോളറിലും ഇടിവ് രേഖപ്പെടുത്തിയപ്പോൾ, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില സർവ്വകാല റെക്കോർഡിലെത്തി. ഫെഡറൽ റിസർവ് ആസ്ഥാനത്തെ 2.5 ബില്യൺ ഡോളറിന്റെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പവൽ കോൺഗ്രസിൽ തെറ്റായ വിവരങ്ങൾ നൽകി എന്നതാണ് ആരോപണം. എന്നാൽ, പലിശ നിരക്ക് കുറയ്ക്കണമെന്ന തന്റെ ആവശ്യം അംഗീകരിക്കാത്തതിനെത്തുടർന്ന് പവലിനെ പുകച്ചുപുറത്താക്കാനുള്ള ട്രംപിന്റെ തന്ത്രമാണിതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

വിപണിയിലെ ആശങ്കയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ട്രോയ് ഔൺസിന് 4,600 ഡോളർ എന്ന ചരിത്രപരമായ നിലവാരത്തിലേക്ക് ഉയർന്നു. വെള്ളി വിലയിലും 8.5 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. യുഎസ് വിപണി തുറന്നപ്പോൾ ഡൗ ജോൺസ് (Dow Jones) ഉൾപ്പെടെയുള്ള പ്രധാന സൂചികകൾ ഇടിവ് രേഖപ്പെടുത്തി. നിക്ഷേപകർ വ്യാപകമായി അമേരിക്കൻ ആസ്തികൾ വിറ്റഴിക്കുന്ന ‘സെൽ അമേരിക്ക’പ്രവണത വീണ്ടും ദൃശ്യമായി.

മറ്റ് ആറ് പ്രധാന കറൻസികൾക്കെതിരെയുള്ള ഡോളറിന്റെ കരുത്ത് അളക്കുന്ന ‘ഡോളർ ഇൻഡക്സ്’ 0.3 ശതമാനം ഇടിഞ്ഞു. രാഷ്ട്രീയ സമ്മർദ്ദമില്ലാതെ സ്വതന്ത്രമായി തീരുമാനമെടുക്കേണ്ട ഫെഡറൽ റിസർവിനെ നിയന്ത്രിക്കാനുള്ള നീക്കം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ഗോൾഡ്മാൻ സാക്സ് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. പവലിന്റെ ഔദ്യോഗിക കാലാവധി ഈ മെയ് മാസത്തിൽ അവസാനിക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത നീക്കങ്ങൾ. ട്രംപിന്റെ അടുത്ത നീക്കങ്ങൾക്കായി ലോകമെമ്പാടുമുള്ള നിക്ഷേപകർ ഉറ്റുനോക്കുകയാണ്.

More Stories from this section

family-dental
witywide