ജനീവയിലെ ചർച്ചകളിലെ പുരോഗതിയെന്ന് സൂചന, പിന്നാലെയുള്ള അക്രമണം വഞ്ചനയെന്ന് ഇറാൻ; നയതന്ത്ര ചർച്ചകളിൽ വലിയ വിള്ളൽ

ടെഹ്‌റാൻ/ജനീവ: ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചർച്ചകളുടെ പുതിയ ഘട്ടം അവസാനിച്ചതിന് തൊട്ടുപിന്നാലെ, ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണം പശ്ചിമേഷ്യയെ ഭീതിയിലാക്കുന്നു. ജനീവയിൽ നടന്ന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന സൂചനകൾക്കിടെയുണ്ടായ ഈ നീക്കം വഞ്ചനയാണെന്നാണ് ഇറാൻ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിന് സമാനമായ രീതിയിൽ, ചർച്ചകൾക്കിടയിൽ തന്നെ ഇറാൻ രണ്ടാമതും ആക്രമിക്കപ്പെടുന്നത് നയതന്ത്ര മേഖലയിൽ വലിയ വിള്ളലുണ്ടാക്കി.

വെള്ളിയാഴ്ച ജനീവയിൽ നടന്ന ചർച്ചകൾക്ക് ശേഷം, കരാർ ദൂരെയല്ലെന്നും നയതന്ത്രത്തിന് മുൻഗണന നൽകിയാൽ പ്രശ്നപരിഹാരം സാധ്യമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ചർച്ചകളുടെ പുരോഗതിയിൽ താൻ സംതൃപ്തനല്ലെന്നായിരുന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. ‘ആണവായുധങ്ങൾ ഉണ്ടാക്കില്ല’ എന്ന കൃത്യമായ വാക്ക് ഇറാൻ പറയാൻ തയ്യാറാകുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇറാന്‍റെ ആണവ പദ്ധതികൾ സമാധാനപരമായ ആവശ്യങ്ങൾക്കാണെന്ന വാദത്തെ വാഷിംഗ്ടൺ ഇപ്പോഴും അവിശ്വാസത്തോടെയാണ് കാണുന്നത്.

ആക്രമണത്തിന് പിന്നാലെ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി മുന്നറിയിപ്പ് നൽകി. ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയെന്ന് അവകാശപ്പെടുന്ന അമേരിക്കയ്ക്ക്, ഒരിക്കലും എഴുന്നേൽക്കാൻ കഴിയാത്ത വിധത്തിലുള്ള പ്രഹരം ഏൽപ്പിക്കാൻ തങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ യുദ്ധക്കപ്പലുകളെ കടലിന്‍റെ അടിത്തട്ടിലേക്ക് അയക്കാൻ ശേഷിയുള്ള ആയുധങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മേഖലയിൽ യുഎസ് സൈനിക വിന്യാസം വർദ്ധിപ്പിച്ച സാഹചര്യത്തിൽ, ഏത് നിമിഷവും ഇറാനിൽ നിന്ന് ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന ഭീതിയിലാണ് ലോകം.

More Stories from this section

family-dental
witywide