ശക്തമായ ശീതക്കാറ്റും മഞ്ഞുവീഴ്ചയും: അമേരിക്കയിൽ 1,200-ലധികം വിമാന സർവീസുകൾ റദ്ദാക്കി

വാഷിംഗ്ടൺ: അമേരിക്കയുടെ കിഴക്കൻ തീരങ്ങളിലും തെക്കൻ മേഖലകളിലും ആഞ്ഞടിച്ച ശക്തമായ ശീതക്കാറ്റും കൊടും തണുപ്പും കാരണം ഞായറാഴ്ച 1,200-ലധികം വിമാന സർവീസുകൾ റദ്ദാക്കി. ഞായറാഴ്ച രാവിലെ വരെ 1,289 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇത് ഷാർലറ്റ് ഡഗ്ലസ് ഇൻ്റർനാഷണൽ എയർപോർട്ടിനെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടെ മാത്രം 800-ലധികം സർവീസുകൾ തടസ്സപ്പെട്ടു. ശനിയാഴ്ച യുഎസിലുടനീളം ഏകദേശം 2,500 വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നിരുന്നു.

വരും ദിവസങ്ങളിൽ താപനിലയിൽ നേരിയ മാറ്റമുണ്ടാകുമെങ്കിലും തണുപ്പ് തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പലയിടങ്ങളിലും ഒരടിയോളം ഉയരത്തിൽ മഞ്ഞുവീഴ്ചയുണ്ടായി. മിക്കയിടങ്ങളിലും മഞ്ഞ് നീങ്ങിത്തുടങ്ങിയെങ്കിലും തണുപ്പ് തുടരുന്നുണ്ട്.

നോർത്ത് കരോലിനയുടെ ഉൾപ്രദേശങ്ങളിൽ 14 ഇഞ്ച് വരെയും തീരപ്രദേശങ്ങളിൽ 12 ഇഞ്ച് വരെയും മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്തു. കടലിൽ രൂപപ്പെട്ട ഈ ശീത കൊടുങ്കാറ്റ് കരയിൽ വലിയ ആഘാതം ഉണ്ടാക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. എങ്കിലും മസാച്ചുസെറ്റ്‌സ് പോലുള്ള ഇടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

തുടർച്ചയായ രണ്ടാമത്തെ ആഴ്ചയാണ് കിഴക്കൻ അമേരിക്കയിൽ ഇത്രയും കടുത്ത ശീതക്കാറ്റ് അനുഭവപ്പെടുന്നത്. തണുപ്പ് വർദ്ധിച്ചതോടെ വൈദ്യുതി ആവശ്യകത ഉയരുകയും ഇത് പവർ ഗ്രിഡുകളെ ബാധിക്കുകയും ചെയ്തു. മിസിസിപ്പി, ടെന്നസി, ഫ്ലോറിഡ, ലൂസിയാന എന്നിവിടങ്ങളിലായി ഏകദേശം 1.78 ലക്ഷം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. കഴിഞ്ഞയാഴ്ച ഉണ്ടായ ഐസ് കൊടുങ്കാറ്റിൽ ട്രാൻസ്മിഷൻ ലൈനുകൾ തകർന്നതാണ് പലയിടങ്ങളിലും വൈദ്യുതി നിലയ്ക്കാൻ കാരണം.

തിങ്കളാഴ്ച പുലർച്ചെ 4 മണി മുതൽ 10 മണി വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് ഡ്യൂക്ക് എനർജി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. വാഷിംഗ് മെഷീൻ പോലുള്ള വലിയ ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കാനും ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് ഉച്ചയ്ക്ക് ശേഷമാക്കാനും നിർദ്ദേശമുണ്ട്.

ഫ്ലോറിഡയിലെ സിട്രസ് കൃഷിയെയും കടുത്ത തണുപ്പ് ബാധിച്ചിട്ടുണ്ട്. ടാമ്പയിൽ മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്തു, മയാമിയിൽ താപനില 2 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു.

Strong cold winds and snowfall: More than 1,200 flights canceled in the United States

More Stories from this section

family-dental
witywide