വിവിധ രാജ്യങ്ങൾക്ക് ട്രംപിൻ്റെ ഉയർന്ന ഇറക്കുമതിത്തീരുവ: കേസിൽ വിധി പറയുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു

വാഷിംഗ്ടൺ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ ഉയർന്ന ഇറക്കുമതിത്തീരുവ (Import Tariff) ഏർപ്പെടുത്തിയതിൻ്റെ നിയമസാധുത പരിശോധിക്കുന്ന സുപ്രധാന കേസിൽ വിധി പറയുന്നത് അമേരിക്കൻ സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു.

ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടം ഈ തീരുവകൾ ഏർപ്പെടുത്തിയിരുന്നതെന്നാണ് ഭരണകൂടത്തിൻ്റെ വാദം. എന്നാൽ, ഇത് ഭരണഘടനാ വിരുദ്ധമാണെന്നും വ്യാപാര നിയമങ്ങളുടെ ലംഘനമാണെന്നുമാണ് ഹർജിക്കാരുടെ വാദം. ഈ കേസിൽ കോടതിയുടെ തീരുമാനം ആഗോള വ്യാപാര ബന്ധങ്ങളിലും യുഎസ് സമ്പദ്‌വ്യവസ്ഥയിലും വലിയ സ്വാധീനം ചെലുത്തുമെന്ന് കരുതപ്പെടുന്നു.

പ്രസിഡന്റിന് ഇത്തരത്തിൽ തീരുവ ചുമത്താൻ നിയമപരമായ അധികാരമില്ലെന്ന് വാദിച്ചുകൊണ്ട് വിവിധ സ്വകാര്യ കമ്പനികളും 12 സംസ്ഥാനങ്ങളും അമേരിക്കൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 1977-ലെ ‘ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട്’ (IEEPA) പ്രകാരം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് തീരുവ ചുമത്താനുള്ള പ്രസിഡൻ്റിൻ്റെ അധികാരം ദുരുപയോഗം ചെയ്തു എന്നാണ് ഹർജിക്കാർ വാദിക്കുന്നത്. നവംബറിൽ നടന്ന വാദത്തിനിടെ, പല ജഡ്ജിമാരും പ്രസിഡൻ്റിൻ്റെ ഈ അമിതാധികാരത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു.

ഹർജിക്കാർക്ക് അനുകൂലമായാണ് വിധിയെങ്കിൽ, ഇതിനോടകം നികുതിയായി പിരിച്ചെടുത്ത ഏകദേശം 130 ബില്യൺ ഡോളറിലധികം തുക (ഏകദേശം 11 ലക്ഷം കോടി രൂപ) ഇറക്കുമതിക്കാർക്ക് തിരിച്ചുനൽകേണ്ടി വരുമെന്ന് കണക്കാക്കപ്പെടുന്നു. നിലവിൽ കോടതി നാലാഴ്ചത്തെ അവധിയിലേക്ക് പ്രവേശിക്കുന്നതിനാൽ, കേസിൽ വിധി പറയുന്നത് ഫെബ്രുവരി 20-ലേക്ക് നീളാനാണ് സാധ്യത. ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളെ സംബന്ധിച്ചിടത്തോളം ഈ വിധി അതീവ നിർണ്ണായകമാണ്. വിധിയെ മറികടക്കാൻ മറ്റ് നിയമവഴികൾ തേടുമെന്ന് വൈറ്റ് ഹൗസ് ഇതിനോടകം സൂചന നൽകിയിട്ടുണ്ട്. 

Supreme Court again postpones verdict on Trump’s high import tariffs on various countries.

More Stories from this section

family-dental
witywide