ട്രംപിന് കനത്ത പ്രഹരം: വിവാദമായ ആഗോള നികുതികൾ റദ്ദാക്കി സുപ്രീം കോടതി, ഫെഡറൽ നിയമങ്ങളുടെ ലംഘനമെന്ന് വിധി

വാഷിംഗ്ടൺ: വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി ഏർപ്പെടുത്തിയ അധിക നികുതികൾ നിയമവിരുദ്ധമാണെന്ന് അമേരിക്കൻ സുപ്രീം കോടതി വിധിച്ചു. ട്രംപ് ഭരണകൂടത്തിന്‍റെ വിദേശനയത്തിലും സാമ്പത്തിക അജണ്ടയിലും സുപ്രധാനമായിരുന്ന ഈ നീക്കത്തിന് കോടതിയുടെ വിധി വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. അടിയന്തര അധികാരം ഉപയോഗിച്ച് ആഗോളതലത്തിൽ നികുതി ചുമത്തുന്നത് ഫെഡറൽ നിയമങ്ങളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്‌സ് എഴുതിയ ഭൂരിപക്ഷ വിധിയിൽ ആറിനെതിരെ മൂന്ന് വോട്ടുകൾക്കാണ് നികുതികൾ റദ്ദാക്കാൻ കോടതി തീരുമാനിച്ചത്. പ്രസിഡന്‍റ് ആശ്രയിച്ച അടിയന്തര അധികാരം ഇത്തരം വ്യാപകമായ സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പര്യാപ്തമല്ലെന്ന് കോടതി വ്യക്തമാക്കി. നികുതികൾ നിശ്ചയിക്കാനുള്ള അധികാരം ഭരണഘടനാപരമായി കോൺഗ്രസിനാണെന്നും അത് മറികടക്കാൻ പ്രസിഡന്‍റിന് കഴിയില്ലെന്നും വിധിയിൽ പറയുന്നു. കഴിഞ്ഞ നവംബറിൽ വാദം കേട്ട ഈ കേസിൽ പുറത്തുവന്ന വിധി ട്രംപ് ഭരണകൂടത്തിന്‍റെ വരാനിരിക്കുന്ന പല സാമ്പത്തിക നീക്കങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്.

More Stories from this section

family-dental
witywide