ആഭ്യന്തര പ്രതിസന്ധി മറികടക്കാൻ ഇറാന് നേരെ ആക്രമണം? ട്രംപിന്റെ നീക്കങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി പ്രൊഫസർ ഫവാസ് ജെർഗെസ്

ലണ്ടൻ/വാഷിംഗ്ടൺ: സുപ്രീംകോടതിയിൽ നിന്നേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ, ആഭ്യന്തര രാഷ്ട്രീയത്തിൽ നിന്നുള്ള ശ്രദ്ധ തിരിക്കാൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഇറാന് നേരെ സൈനിക നീക്കം നടത്തിയേക്കാമെന്ന് അന്താരാഷ്ട്ര നിരീക്ഷകൻ ഫവാസ് ജെർഗെസ്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ പ്രൊഫസറായ അദ്ദേഹം സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് ഈ ആശങ്ക പങ്കുവെച്ചത്. അമേരിക്കൻ പ്രസിഡന്‍റുമാർ തങ്ങളുടെ രാജ്യത്തിനകത്ത് വലിയ രാഷ്ട്രീയമോ നിയമപരമോ ആയ പ്രതിസന്ധികൾ നേരിടുമ്പോൾ, വിദേശ രാജ്യങ്ങളിൽ സൈനിക നടപടികൾ നടത്തി ജനശ്രദ്ധ മാറ്റാറുണ്ട്. ട്രംപിന്റെ കാര്യത്തിലും ഈ രീതി ആവർത്തിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷം മിഡിൽ ഈസ്റ്റിൽ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇപ്പോൾ നടക്കുന്നത്. വിമാനവാഹിനിക്കപ്പലുകളും വൻ സൈനിക സന്നാഹങ്ങളും അയച്ചത് വെറുമൊരു ഭീഷണിയായി കാണാനാവില്ല. ബില്യൺ കണക്കിന് ഡോളർ ചിലവാക്കി ഇത്രയും വലിയ സൈനിക വ്യൂഹത്തെ വിന്യസിച്ചത് കൃത്യമായ ഒരു ആക്രമണ ലക്ഷ്യത്തോടെയാകാനാണ് സാധ്യതയെന്നും ജെർഗെസ് നിരീക്ഷിച്ചു.

ഇറാനുമായുള്ള ആണവ ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ, 10 മുതൽ 15 ദിവസത്തിനകം അനുകൂലമായ ഒരു തീരുമാനം ഉണ്ടായില്ലെങ്കിൽ മോശമായ കാര്യങ്ങൾ സംഭവിക്കും എന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതി ട്രംപിന്‍റെ നികുതി നയം റദ്ദാക്കിയത്. ഈ നിയമപരമായ പരാജയം ഭരണകൂടത്തിന്‍റെ പ്രതിച്ഛായയെ ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഇറാന് നേരെ ഒരു “ലിമിറ്റഡ് സ്ട്രൈക്ക്” (പരിമിതമായ ആക്രമണം) നടത്തി കരുത്ത് തെളിയിക്കാൻ ട്രംപ് മുതിർന്നേക്കുമെന്നാണ് പ്രൊഫസർ ഫവാസ് ജെർഗെസ് ഭയപ്പെടുന്നത്.

More Stories from this section

family-dental
witywide